ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജെ.പി.യാദവിന്റെ വിധവ. മരണാനന്തര ബഹുമതിയായി ജെ.പി.യാദവിന് ലഭിച്ച അശോക ചക്ര തിരികെ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും യാദവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് യാദവിന്റെ കുടുംബം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ലഭിച്ച അശോകചക്ര 2006 ല്‍ തിരികെ നല്‍കിയിരുന്നു. തങ്ങള്‍ക്ക് നീതി ലഭിച്ചെന്നും അഫ്സല് ഗുരുവിന്റെ മരണവാര്‍ത്ത എത്രമാത്രം ആശ്വാസം നല്‍കുന്നതാണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്നും ജെ.പി.യാദവിന്റെ ഭാര്യ പ്രതികരിച്ചു. ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതിനാലാണ് പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാജീവനക്കാരുടെ കുടുംബം ഒന്നാകെ രാഷ്ട്രപതി പ്രഖ്യാപിച്ച അശോക ചക്ര തിരികെ നല്കാന് തീരുമാനിച്ചതെന്നും നീതി നടപ്പിലാക്കിയ സാഹചര്യത്തില്‍ ബഹുമതി തിരികെ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
രാജ്യസഭയിലെ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന ജെ.പി.യാദവ് പാര്‍ലമെന്റ് ആക്രമണം ചെറുക്കുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 2002 ലാണ് യാദവിന് കേന്ദ്രസര്‍ക്കാര്‍ മരണാനന്തര ബഹുമതിയായി അശോകചക്ര ബഹുമതി നല്കി ആദരിച്ചത്. 2001 ഡിസംബര്‍ 13 ന് നടന്ന ആക്രമണത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 13 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ചനടത്തി രാഷട്രപതിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടുമെന്നും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യാദവിന്റെ വിധവ പറഞ്ഞു. രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ നിന്നുള്ള സുരക്ഷാഉദ്യോഗസ്ഥനായിരുന്നു യാദവ്. യാദവിന്റെ 80 വയസുള്ള പിതാവും 75 കാരിയായ മാതാവും കര്‍ഷകനായ മൂത്ത മകന് മോഹന്‍ ലാലിനൊപ്പമാണ് കഴിയുന്നത്. ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് തങ്ങള്‍ മാത്രമല്ല 2001 ലെ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരും സ്വാഗതം ചെയ്യുന്നതായി യാദവിന്റെ സഹോദരന് മോഹന്‍ പറഞ്ഞു.
അതേസമയം അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതില്‍ സന്തോഷമുണ്ടെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൗരഭ് കാലിയയുടെ പിതാവ് പ്രതികരിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ആശ്വാസം നല്കുന്ന വാര്‍ത്തയാണിതെന്നും അദ്ദേഹം ഹിമാചല്‍ പ്രദേശിലെ പലംപരില് പ്രതികരിച്ചു. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിനല്ല രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കാണ് നല്‍കേണ്ടതെന്നായിരുന്നു ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ പ്രതികരണം. ദയാഹര്‍ജി മാറ്റിവയ്ക്കാതെ പെട്ടെന്ന് തീരുമാനമെടുത്തതിനാലാണ് ഗുരു തൂക്കിലേറ്റപ്പെട്ടതെന്നും ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നും യശ്വന്ത് സിന്‍ഹ ഝാര്‍ഖണ്ഡില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: