ന്യൂദല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത സ്ഥാനത്തിന് നേരെയുണ്ടായ ന്യായീകരിക്കാനാകാത്ത ആക്രമണം. ഇതാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്സല് ഗുരുവിനെ വധിക്കാനുള്ള ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട് സുപ്രീം കോടതി 2005ല്‍ പ്രസ്താവിച്ചത്. ജനാധിപത്യത്തിന്റെ നേരെ ഒരു തുറന്ന യുദ്ധമാണ് അഫ്സല് ഗുരു പ്രഖ്യാപിച്ചതെന്ന് പറഞ്ഞ കോടതി ഇയാള്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ ഒരു തരത്തിലും അവകാശമില്ലെന്നു വരെ പറയുകയുണ്ടായി.
ആക്രമണത്തിന് മുമ്പുണ്ടായ ഗൂഢാലോചനയും നടപ്പാക്കിയ രീതികളും പരിശോധിച്ചാല്‍ തന്നെ സമൂഹത്തിന് വേണ്ടാത്ത ആളാണ് അഫ്സല് ഗുരുവെന്നും പറഞ്ഞു. സുപ്രീംകോടതി ഇതൊക്കെ പറഞ്ഞിട്ടും അഫ്സല് ജീവിച്ചത് ഒരു പതിറ്റാണ്ട് കാലം. ഈകാലമത്രയും പാക്കിസ്ഥാന് ഭീകരവാദികളില്‍ നിന്ന് രാജ്യത്തിനേറ്റ പ്രഹരങ്ങള്‍ക്കും പതിറ്റാണ്ടിന്റെ വലുപ്പമുണ്ട്.
217 പേജുള്ള വിധിയില്‍ ജസ്റ്റിസ് പി.വി. റെഡ്ഡി, ജസ്റ്റിസ് പി.പി.നവോലേക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അഫ്സലിനെതിരെ രൂക്ഷപരാമര്‍ശം നടത്തിയത്. ഭീകരവാദികളുമായുള്ള ബന്ധവും തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് പറഞ്ഞ കോടതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പരാമര്‍ശിച്ചു.
ദയാഹര്‍ജി സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം 2006 ഒക്ടോബറില്‍ നടപ്പാക്കേണ്ട വിധിയാണ് രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ഇന്നലെ നടപ്പാക്കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിയില്‍ നിന്ന് രാഷ്ട്രപതിയിലേക്കും വീണ്ടും ആഭ്യന്ത്രരമന്ത്രാലയത്തിലേക്കും പിന്നീട് രാഷ്ട്രപതിഭവനിലേക്കും ഫയല്‍ നീങ്ങാന്‍ എടുത്ത സമയം ആറര വര്‍ഷം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്. സുപ്രീംകോടതി പറഞ്ഞതു പോലെ ജനാധിപത്യത്തിന്റെ പരമോന്നത സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ളവരെ സമയത്തിന് ശിക്ഷിക്കാന്‍ നമുക്കായില്ലയെന്നത് ചരിത്രത്തില്‍ എന്നും അവശേഷിക്കുന്ന ഒരു കറുത്ത പൊട്ടായി തന്നെ അവശേഷിക്കും. അഫ്സല് ഗുരുവും സംഘവും ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു. എന്‍ഡിഎ ഭരിക്കുന്ന കാലത്തുണ്ടായ കാര്‍ഗില്‍ യുദ്ധത്തിലേറ്റ പാരാജയവും പാക്കിസ്ഥാനെ ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ വിരല്‍ ചൂണ്ടുന്നതിന് നിര്‍ബന്ധിതരാക്കി.
പാര്‍ലമെന്റ് ഓപറേഷന് പരാജയപ്പെട്ടെങ്കിലും പരമോന്നത പീഠത്തിനു നേരെ ഉയര്‍ന്ന ഈ ആക്രമണ ശ്രമത്തിന് കൃത്യമായി മറുപടി നല്കാന് ഇന്ത്യയെടുത്തത് 11 വര്‍ഷവും രണ്ടു മാസവും. അഫ്സലിനെ തൂക്കുന്നത,് പറഞ്ഞ സമയത്ത് നടത്തിയിരുന്നെങ്കില്‍ 164 പേര് കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണവും അടിക്കടി ഇന്ത്യന്‍ പട്ടാളക്കാരെ അതിര്‍ത്തി കടന്നു വന്ന് നിഷ്ഠൂരമായി കൊല്ലുന്ന പാക്കിസ്ഥാന്റെ പ്രവണതയ്ക്കും ഒരു താക്കീതായേനെ. അതിര്‍ത്തി കടന്നെത്തി ഇന്ത്യന്‍ മണ്ണില്‍ സൈനികരെ നിഷ്ഠൂരമായി വധിച്ചതിനും നമ്മുക്ക് കൃത്യമായി മറുപടി നല്‍കാനായില്ല. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ലാക്കാക്കിയാണെങ്കിലും വന്ന അഫ്സല് ഗുരുവിന്റെ വിധി നടപ്പാക്കല്‍ ഭാവിയിലെ പാക്കിസ്ഥാന്റെ ഇത്തരം പ്രവൃത്തികള്‍ക്കുള്ള കൂച്ചുവിലങ്ങായേക്കാം.
** ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: