ന്യൂദല്‍ഹി: ഒരു രാഷ്ട്രത്തെ നടുക്കിയ ആക്രമണക്കേസിലെ സൂത്രധാരന്‍ അവസാന നിമിഷവും കൂസലില്ലാതെ നിന്നു. പാര്‍ലമെന്റാക്രമണക്കേസിലെ പ്രതിയായ ജെയ്ഷെ മുഹമ്മദ് ഭീകരന് അഫ്സല് ഗുരുവാണ് പശ്ചാത്താപത്തിന്റെ കണികപോലുമില്ലാതെ തൂക്കുമരത്തിന് മുന്നിലേക്ക് നടന്നത്. ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ പങ്ക് വ്യക്തമായതോടെ അഫ്സലിനെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. തൂക്കുമരത്തിലേക്ക് നടന്നടുത്ത അഫ്സല് ശാന്തനായിരുന്നുവെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
മൂന്നാം നമ്പര്‍ ജയിലില്‍ താമസിപ്പിച്ചിരുന്ന അഫ്സലിനെ വ്യാഴാഴ്ച വൈകുന്നേരമാണ് വധശിക്ഷ നടപ്പാക്കാന്‍ പോകുന്നുവെന്ന വിവരം ധരിപ്പിച്ചത്. ഇന്നലെ രാവിലെ 8 ന് ശിക്ഷ നടപ്പാക്കി. ശരീരം മതാചാരപ്രകാരം ജയിലിനുള്ളില്‍തന്നെ സംസ്ക്കരിച്ചു. 2001 ഡിസംബര്‍ 13 നാണ് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ പാര്‍ലമെന്റാക്രമണം നടന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരനായ അഫ്സലായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍.
അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തള്ളിയതോടെയാണ് വധശിക്ഷക്കുള്ള നടപടിക്രമങ്ങള്‍ക്ക് കളമൊരുങ്ങിയത്. ഹര്‍ജി തള്ളിയ വിവരം അഫ്സലിന്റെ കുടുംബത്തെയും അറിയിച്ചിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: