ക്വലാലംപൂരിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി മെഡിക്കല്‍കോളേജിന് മുന്നിലെ ദി ആയൂര്‍വേദ ആന്റ് യോഗാ സെന്റര്‍. രാവിലെ അഞ്ചുമണി. സെന്ററിന്റെ മാര്‍ബിള്‍ പാകിയ വിശാലമായ മുറ്റത്ത് പത്മാസനത്തില്‍ ഇരിക്കുന്നവര്‍ ചില്ലറക്കാരല്ല. ബഹുരാഷ്ട്ര കമ്പനിയുടെ സിഇഒമാര്‍, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍, ഉയര്‍ന്നപോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍. ഒരു മണിക്കൂറിനുശേഷം രണ്ടാമത്തെ ക്ലാസിനെത്തിയത് യൂറോപ്യന്‍ വനിതകളാണ്. മലേഷ്യയില്‍ വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍.
രാവിലെയും വൈകുന്നേരവുമായി ഇത്തരം നാല് ക്ലാസുകള്‍. യോഗയില്‍ ഏറെ താല്‍പ്പര്യമുള്ളവര്‍ക്കായി പ്രത്യേക പരിശീലനം. പ്രാണായാമത്തിനായി പ്രത്യേക ക്ലാസുകള്‍ വേറെ. ആചാര്യസ്ഥാനത്ത് സുരേഷ്കുമാര്‍ എന്ന മലയാളി ആയുര്‍വേദ ഡോക്ടര്‍. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയായ സുരേഷ്കുമാര്‍ ആയുര്‍വേദകോളേജിലെ പഠനത്തിനുശേഷം ജോലിക്കായിട്ടാണ് മലേഷ്യയില്‍ എത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മികച്ച ആയുര്‍വേദ ഡോക്ടര്‍ എന്ന പേര് സമ്പാദിക്കാന്‍ കഴിഞ്ഞു. ആയുര്‍വേദ ചികില്സക്കുപകരം എന്തെങ്കിലും ചെയ്യണം എന്ന ചിന്തയില്‍നിന്നാണ് യോഗയിലേക്കുള്ള ചുവട്മാറ്റം. ശരീര സംരക്ഷണകാര്യത്തില്‍ ചെറുപ്പം മുതലേ പുലര്‍ത്തിവന്നിരുന്ന താല്‍പ്പര്യം ഇതിന് കാരണമായി. ബോഡിബില്‍ഡറും മികച്ച അത്ലറ്റുമായിരുന്ന സുരേഷ്കുമാര്‍ പഠനകാലത്ത് മിസ്റ്റര്‍ തിരുവനന്തപുരവും മാസ്റ്റര്‍ യൂണിവേഴ്സിറ്റിയും ആയിരുന്നു.
ആയുര്‍വേദ പഠനത്തിന്റെ ഭാഗമായി പഠിച്ച യോഗപാഠങ്ങള്‍ മാത്രമായിരുന്നു ശോഭയില്‍നിന്ന് യോഗയിലേക്കുള്ള മാറ്റത്തിന്മേല്‍ സുരേഷ്കുമാറിന്റെ കൈമുതല്‍. മലേഷ്യയില്‍ എത്തിയശേഷം യോഗയില്‍ കൂടുതല്‍ പഠനങ്ങള്‍ പരിശീലനങ്ങള്‍ ആയുര്‍വേദത്തിന്റെയും യോഗയുടേയും തനിമയില്‍ ഊന്നി കൂടുതല്‍ പരീക്ഷണങ്ങള്‍.
കാട്ടാക്കട ക്രിസ്ത്യന്‍കോളേജിലും ധനുവച്ചപുരം വിടിഎം എന്എസ്എസ്കോളേജിലുമായി തന്റെ കലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോക്ടറുടെ പൂര്‍വകാലം സിനിമയെ വെല്ലും. പ്രൈമറി വിദ്യാഭ്യാസകാലം മുതല്‍ പഠനചെലവുകള്‍ക്ക് സ്വന്തമായി പണിയെടുത്ത് പണം കണ്ടെത്തി. റബര്‍ ടാപ്പിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍, ശാരീരികക്ഷമതയില്‍ കേവലനായിരുന്നതിനാല് നിക്കര്‍ ധരിച്ച് കോളേജില്‍ പഠിച്ച, കാട്ടാക്കട ക്രിസ്ത്യന്‍കോളേജിലെ വിദ്യാര്‍ത്ഥിക്ക് സഹപാഠികളില്‍നിന്നുള്ള കളിയാക്കല്‍ തന്റെ ശരീരം പുഷ്ടിപ്പെടുത്തണമെന്ന തോന്നല്‍ തികച്ചും സ്വാഭാവികം. ജിംഖാനയിലെത്തിയപ്പോള്‍ പരിഹാസങ്ങളുടെ പൊടിപൂരം, വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട് ഒറ്റശേഖരമംഗലം വാളിയോട് ജിംഖാനയുടെ ചരിത്രം മാറ്റിയെഴുതിയ പ്രകടനം.
1993ല്‍ വീണ്ടും തിരുവനന്തപുരം. ഇതിനിടെ അത്ലറ്റിക്സില് ജില്ലാതലത്തില്‍ മിന്നുന്ന പ്രകടനം. ട്യൂഷന് എടുത്ത് ചെലവുകള്‍ക്ക് വഴികണ്ടു. പ്രായത്തിനൊത്ത ശരീരവളര്ച്ചയില്ലാത്തത് രോഗമാണെന്ന് കരുതി സ്കൂളില്‍ പഠിക്കുമ്പോള്‍ ഡോക്ടറെ കാണാന്‍പോയി. തിരിച്ചുവന്നപ്പോള്‍ മനസില്‍ കുറിച്ചതാണ് ഡോക്ടര്‍ ആകുക എന്നത്. പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത മാതാപിതാക്കളും ദയനീയമായ സാമ്പത്തിക ചുറ്റുപാടും ആഗ്രഹത്തിന് വിലങ്ങുതടിയായി.
പിഎസ്സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും ജോലിക്ക് പോയില്ല. ഡോക്ടര്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിനായിട്ടായിരുന്നു ശ്രമം മുഴുവന്‍. ട്യൂഷന് എടുത്തും ജോലിചെയ്തും പണമുണ്ടാക്കി പുസ്തകം വാങ്ങിവായിച്ച് പ്രവേശനപരീക്ഷയ്ക്കായി സ്വയം പരിശീലനം. ജനറല്‍ മെരിറ്റില്‍ ഉയര്‍ന്ന റാങ്കോടെ ആയുര്‍വേദകോളേജില്‍ പ്രവേശനം. പ്രീഡിഗ്രി പഠനത്തിനുശേഷം 15വര്‍ഷം കഴിഞ്ഞായിരുന്നു ആയുര്‍വേദപഠനം എന്നതും ശ്രദ്ധേയം. അതിനാല്‍ത്തന്നെ കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയായി മാറി. സഹപാഠികളില്‍ ചിലര്‍ സ്വന്തം ശിഷ്യന്മാരായി.
നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറയ്ക്കും ഒരു പാഠപുസ്തകമാണ് സുരേഷിന്റെ ജീവിതം. സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവുംകൊണ്ട് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചുതന്ന പ്രതിഭ. പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റപ്പോള്‍ യോഗയിലൂടെയും പ്രാണായാമത്തിലൂടെയും അതെങ്ങനെ സുഖപ്പെടുത്താമെന്ന് സ്വയം അനുഭവിച്ചറിയാന്‍ മറ്റ് ചികില്‍സക്ക് പോകാതെ സുഹൃത്തുക്കളെ അമ്പരിപ്പിച്ച കഥ. മനസിനെ കൈപ്പിടിയിലൊതുക്കി കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുകയാണ് മലേഷ്യക്കാരുടെ സ്വന്തം യോഗാചാര്യന്. യോഗയില്‍ ബിരുദാനന്തരബിരുദത്തിനായി മദ്രാസ് യൂണിവേഴ്സിറ്റിയില്‍ എംഎസ്സി തെറാപ്പി വിദ്യാര്ത്ഥികൂടിയാണിപ്പോള്. ഭാര്യ ശ്രീജ തുളസി അഭിഭാഷകയാണ്. മകള്‍ നികേത സുരേഷ്. മലേഷ്യയില്‍നിന്നും മടങ്ങിയെത്തി തിരുവനന്തപുരത്ത് ആയുര്‍വേദവും യോഗയും സംയോജിപ്പിച്ച് കേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടര്‍ ഇപ്പോള്‍.
** അഡ്വ.എന്‍.സതീഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: