വാഷിങ്ങ്ടണ്‍: ആഗോള ഭീകര സംഘടനയായ അല്‍ഖ്വയ്ദ ആത്യന്തികമായ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭീകരതയ്ക്കെതിരെ തന്റെ ഭരണകൂടം കൈക്കൊണ്ട കര്‍ക്കശ നടപടികളാണ് അല്‍ഖ്വയ്ദയുടെ അടിവേര് ഇളക്കിയതെന്നും ഒബാമ അവകാശപ്പെട്ടു.
അല്‍ഖ്വയ്ദയെ നമ്മള് തോല്‍വിയുടെ വക്കിലേക്കു എത്തിച്ചിരിക്കുന്നു. അവരുമായി ബന്ധമുള്ളവരെ തുടര്‍ച്ചയായ നടപടികളാല്‍ നാം പ്രതിരോധത്തിലാക്കി – സ്ഥാനമൊഴിയുന്ന പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയുടെ വിടവാങ്ങല്‍ ചടങ്ങിനിടെ ഒബാമ പറഞ്ഞു.
ഒസാമ ബിന്‍ ലാദന്റെ വധമടക്കം നിര്‍ണായക ദൗത്യങ്ങള്‍ നിര്‍വഹിച്ച പനേറ്റയുടെ കാലഘട്ടം യുഎസ് രഹസ്യാന്വേഷണ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒന്നായിരുന്നു. പനേറ്റയുടെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും. ഇറാഖിലെ യുദ്ധം അമേരിക്ക അവസാനിപ്പിച്ചു. അഫ്ഗാന് ദൗത്യവും ഏറെക്കുറെ അതുപോലെ തന്നെ. നമ്മുടെ സൈനികര്‍ നാട്ടിലേക്കു മടങ്ങുന്നു. അടുത്ത വര്‍ഷത്തോടെ അഫ്ഗാനിസ്ഥാനിലെ സൈനിക നടപടി പൂര്‍ണമാകുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ഇറ്റാലിയന്‍ -അമേരിക്കന്‍ എന്ന നിലയില്‍ യുഎസ് കോണ്‍ഗ്രസിലും ഉദ്യോഗതലത്തിലെ ഉന്നത പദവികളിലും നിന്നു ലഭിച്ച അനുഭവം അതുല്യമായിരുന്നെന്ന് മറുപടി പ്രസംഗത്തില്‍ പനേറ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: