കൊച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിനും ഇന്ത്യ-പാലസ്തീന് അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിനും ശേഷം അഭ്രപാളികളിലെ താരരാജാക്കന്മാരുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊച്ചിയില്‍ അരങ്ങുണരും. സിസിഎല്‍ ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പിനാണ് ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരങ്ങുണരുന്നത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ രാത്രി ഏഴിന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നയിക്കുന്ന അമ്മ കേരള സ്ട്രൈക്കേഴ്സും സുനില്‍ ഷെട്ടി നയിക്കുന്ന മുംബൈ ഹീറോസും തമ്മില്‍ ഏറ്റുമുട്ടും. ഈ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കൊച്ചിയില്‍ നടക്കുക. എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലീഗില്‍
മറാത്തി സിനിമാലോകത്തിന്റെ പ്രതിനിധികളായി വീര്‍ മറാത്തിയും ഭോജ്പുരി ദബാംഗ്സുമാണ് പുതുതായെത്തുന്നത്.
ഇന്ന് രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. വൈകിട്ട് മൂന്നിന് ചെന്നൈ റിനോസും ബോജ്പുരി ഡബാംഗും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തിന് ശേഷം 6.30 മുതല്‍ 7വരെയാണ് വര്‍ണ്ണശബളമായ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും. എല്ലാ ടീമുകളുടെയും ക്യാപ്റ്റന്മാരും ബ്രാന്‍ഡ് അംബാസിഡര്‍മാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് മുഖ്യാതിഥിയാകും. മന്ത്രി ഗണേഷ്കുമാര് പതാക ഉയര്‍ത്തും. നടന് മമ്മൂട്ടി ടീമുകളെ പരിചയപ്പെടുത്തും. എല്ലാ ഭാഷകളിലെയും പ്രധാന ചലച്ചിത്ര താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് മുംബൈ ഹീറോസും അമ്മ കേരള സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരം നടക്കും. ഉദ്ഘാടന മത്സരങ്ങള്‍ക്ക് ശേഷം എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും വിവിധ വേദികളിലായി മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദില്‍ സെമിെഫെനല് മത്സരങ്ങളും പത്തിനു ബംഗളൂരുവില്‍ ഫൈനലും അരങ്ങേറും. ബംഗാള്‍ െടെഗേഴ്സ്, തെലുങ്ക് വാറിയേഴ്സ്, കര്‍ണാടക ബുള്ഡോഴ്സ്, വീര്‍ മറാത്തി എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.
വിശാലിന്റെ നായകത്വത്തിലിറങ്ങുന്ന ചെന്നൈ റൈനോസാണ് കഴിഞ്ഞ രണ്ട് സീസണുകളിലും സിസിഎല്ലില്‍ കിരീടം നേടിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം അരങ്ങേറ്റ മത്സരത്തില്‍ തന്നെ ജയത്തോടെ തുടങ്ങിയ കേരള സ്ട്രൈക്കേഴ്സിന് പക്ഷെ തുടര്‍ന്നങ്ങോട്ട് ശ്രദ്ധേയമായ പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചില്ല. അഞ്ച് കളികളില്‍ നിന്നും രണ്ട് ജയത്തോടെ അഞ്ചാമതായി സീസണ് അവസാനിപ്പിക്കുകയായിരുന്നു കേരളത്തിന്റെ ടീം.
എന്നാല്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഹീറോസിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് കേരള സ്ട്രൈക്കേഴ്സ്. ഇന്നത്തെ മത്സരത്തിലും വിജയം ആവര്‍ത്തിക്കാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കേരള ടീം. മുംബൈ ടീം ഇന്നലെ വൈകി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.
മത്സരത്തിനുള്ള പ്രവേശനം സൗജന്യമാണെങ്കിലും ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി പ്രവേശനം നിയന്ത്രിക്കും. ഫാന്‍സ് അസോസിയേഷനുകളില്‍നിന്നും താര സംഘടനയായ അമ്മയില്‍ നിന്നും സ്റ്റേഡിയത്തില്‍ നിന്ന് നേരിട്ടും സൗജന്യ ടിക്കറ്റുകള്‍ ലഭ്യമാക്കും.
താരക്രിക്കറ്റായതിനാല് സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇതോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളും സ്റ്റേഡിയത്തിനകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞതവണ പ്രതീക്ഷിച്ചതിലും ഏറെ തിരക്കായതിനാല്‍ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നിരുന്നു.
മോഹന്‍ലാലിന്റെ നായകത്വത്തിലുള്ള കേരള സ്ട്രൈക്കേഴ്സിന്റെ വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്താണ്. കഴിഞ്ഞ സീസണില്‍ കളിച്ച രാജീവ് പിള്ള, നിവിന്‍ പോളി, വിവേക് ഗോപന്, മണിക്കുട്ടന്, ബിനീഷ് കോടിയേരി, സൈജു കുറുപ്പ്, പ്രജോദ് കലാഭവന്‍, റിയാസ് ഖാന്, വിനുമോഹന്‍ തുടങ്ങിയവര്‍ക്ക് പുറമെ അര്ജുന്, അരുണ്‍ ബെന്നി, മഥന്‍ മോഹന്‍, സന്തോഷ് സ്ലീബ, രാഗേന്ദു, സുരേഷ്, ഷഫീഖ് റഹ്മാന്, രാഹുല്‍ മാധവ് എന്നീ പുതുമുഖങ്ങളുമാണ് ഇത്തവണ ടീമിലുള്ളത്. ഭാവന, മമ്മ്ത മോഹന്‍ദാസ് എന്നിവരാണ് കേരള ടീമിന്റെ അംബാസഡര്‍മാര്‍.
സിസിഎല്ലിന്റെ ആദ്യ സീസണില്‍ നാല് ടീമുകള്‍ മാത്രമാണ് കളിച്ചിരുന്നതെങ്കില്‍ രണ്ടാം സീസണില്‍ ടീമുകളുടെ എണ്ണം ആറായി. ഇത്തവണ എട്ട് ടീമുകളാണ് താരയുദ്ധത്തില്‍ മാറ്റുരയ്ക്കുന്നത്.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: