മുംബൈ: ലോകകപ്പ് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് ത്രസിപ്പിക്കുന്ന വിജയം. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ രണ്ട് റണ്‍സിനാണ് ഓസീസ് വനിതകള്‍ ഇംഗ്ലണ്ട് വനിതകളെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ 44.4 ഓവറില്‍ 147 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 47.3 ഓവറില്‍ 145 റണ്‍സിന് ഓള് ഔട്ടാക്കിയാണ് ഓസീസ് വനിതകള്‍ ആവേശകരമായ വിജയം സ്വന്തമാക്കിയത്. ഓസീസിന്റെ ലിസ സ്തലേക്കറാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മുന്‍ നിരക്കാര്‍ പെട്ടെന്ന് പുറത്തായതോടെ ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ അഞ്ചിന് 32 റണ്‍സ് എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റില്‍ ലിസ സ്തലേക്കറും സാറയും ചേര്‍ന്ന് നേടിയ 82 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ 41 റണ്‍സെടുത്ത ലിസ മടങ്ങിയതോടെ ഓസീസ് വീണ്ടും തകര്‍ന്നു. സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ 44 റണ്‍സെടുത്ത ലിസയും മടങ്ങി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 16 റണ്‍സെടുത്ത ജൂലി ഹണ്ടര്‍ പുറത്താകാതെ നിന്നു. ഓസ്ട്രേലിയന്‍ ഇന്നിംഗ്സില്‍ ആകെ നാല് പേര് മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിന് വേണ്ടി ആന്യ ഷ്റബ്സോലെ മൂന്നുവിക്കറ്റും കാതറീന് ബ്രന്റും ആരന് ബ്രിന്ഡ്ലെയും ഹോളി കോള്‍വിനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
148 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓസ്ട്ര്ലയന് ബൗളര്‍മാര്‍ അതേ നാണയത്തില്‍ തിരിച്ചടി നല്കി. ഒരു ഘട്ടത്തില്‍ ആറിന് 39 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് 49 റണ്‍സെടുത്ത ലിഡിയ ഗ്രീന്വെയായിരുന്നു. ലിഡിയക്ക് പുറമെ ലോറ മാര്‍ഷ് 22 റണ്‍സും നേടി. ലിഡിയയും ലോറയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഇരുവരും പുറത്തായതോടെ മത്സരം ഓസ്ട്രേലിയന്‍ വനിതകള്‍ മത്സരത്തില്‍ പിടിമുറുക്കി. പിന്നീട് ഹോളി കോള്‍വിനും ആന്യ ഷ്റബ്സോലെയും ചേര്‍ന്ന് ടീമിനെ വിജയത്തിന് തൊട്ടടുത്തുവരെ എത്തിച്ചെങ്കിലും 16 റണ്‍സെടുത്ത കോള്‍വിനെ പുറത്താക്കി എറിന് ഓസ്ട്രേലിയക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: