അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനും മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനിക്കും അര്‍ജന്റീനക്കും മികച്ച വിജയം. അതേസമയം യൂറോപ്പിലെ ബ്രസീല്‍ എന്നറിയപ്പെടുന്ന പോര്‍ച്ചുഗല്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഇറ്റലി സമനിലകൊണ്ട് തൃപ്തിപ്പെട്ടു.
രണ്ട് മുന്‍ ലോകചാമ്പ്യന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ജര്‍മ്മനി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെയാണ് കീഴടക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ജര്‍മ്മനി രണ്ടെണ്ണം അടിച്ച് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് വല്‍ബ്യൂന നേടിയ ഗോളിനാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. എന്നാല്‍ 51-ാം മിനിറ്റില്‍ തോമസ് മുള്ളറും 73-ാം മിനിറ്റില്‍ സമി ഖദീരയും ഫ്രഞ്ച് വല കുലുക്കിയതോടെ വിജയം ജര്‍മ്മനിക്കൊപ്പം നിന്നു.
ലോക ചാമ്പ്യന്മാരായ സ്പെയിന്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ കീഴടക്കിയത്. 16-ാം മിനിറ്റില്‍ ഫാബ്രഗസിലൂടെയാണ് സ്പെയിന്‍ ആദ്യം ലീഡ് നേടിയത്. എന്നാല്‍ 32-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗസിലൂടെ ഉറുഗ്വെ സമനില പിടിച്ചു. പിന്നീട് 51, 74 മിനിറ്റുകളില്‍ റൂയി പെഡ്രോയുടെ ഇരട്ട ഗോളുകളിലൂടെ വിജയം ലോക-യൂറോ ചാമ്പ്യന്മാരായ സ്പാനിഷ് ചെമ്പട സ്വന്തമാക്കി.
സ്വീഡനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന മികച്ച വിജയം കരസ്ഥമാക്കിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് അര്‍ജന്റീന മുന്നിലെത്തിയത്. പ്ലേമേക്കര്‍ ആഞ്ചല്‍ ഡി മരിയ പന്തുമായി കുതിച്ച് ഹിഗ്വയിന് പാസ് നല്‍കി. പന്ത് പിടിച്ചെടുത്ത് ഹിഗ്വയിന്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും അപകടമൊഴിവാക്കാന്‍ ശ്രമിച്ച സ്വീഡന്റെ ലസ്റ്റിഗിന്റെ ദേഹത്ത് തട്ടി പന്ത് സ്വന്തം വലയില്‍ പതിക്കുകയായിരുന്നു. 18-ാം മിനിറ്റില്‍ ജോനസ് ഒള്‍സണിലൂടെ സ്വീഡന്‍ സമനില പിടിച്ചു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന വീണ്ടും ലീഡ് നേടി. ഡി മരിയ നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ നിന്നാണ് അഗ്യൂറോ സ്വീഡിഷ് വല ചലിപ്പിച്ചത്. നാല് മിനിറ്റിനുശേഷം ഗൊണ്‍സാലൊ ഹിഗ്വയിന്‍ അര്‍ജന്റീനയുടെ മൂന്നാം ഗോളും സ്വന്തമാക്കി. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പാസില്‍ നിന്നാണ് ഹിഗ്വയിന്‍ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. പിന്നീട് ഫൈനല്‍ വിസിലിന് തൊട്ടുമുമ്പാണ് സ്വീഡന്‍ രണ്ടാം ഗോള്‍ നേടിയത്.
ഇക്വഡോറിനെതിരായ മത്സരത്തില്‍ രണ്ടിനെതിനെ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കീഴടങ്ങിയത്. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോസ്റ്റിഗയും ലക്ഷ്യം കണ്ടപ്പോള്‍ ഇക്വഡോറിന് വേണ്ടി അന്റോണിയോ വലന്‍സിയ, ജോ പെരീര, കായിസിഡോ എന്നിവരാണ് ഗോളുകള്‍ നേടിയത്.
നെതര്‍ലന്റ്സിനെതിരായ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇറ്റലി സമനില പിടിച്ചത്. 33-ാം മിനിറ്റില്‍ ജെര്‍മിയന്‍ ലെന്‍സിലൂടെ ഡച്ച് പട മുന്നിലെത്തിയെങ്കിലും മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് മാര്‍ക്കോ വെരാറ്റി ഇറ്റലിയുടെ സമനിലഗോള്‍ സ്വന്തമാക്കി.
മറ്റൊരു പോരാട്ടത്തില്‍ കരുത്തരായ ഡെന്മാര്‍ക്കിനെ മാസിഡോണിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചപ്പോള്‍ ചെക്ക് റിപ്പബ്ലിക് 2-0ന് തുര്‍ക്കിയെയും ചില 2-1ന് ഈജിപ്റ്റിനെയും കീഴടക്കി.
അതേ സമയം ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ സൗഹൃദ മത്സരത്തില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ദക്ഷിണ കൊറിയക്ക് ദയനീയ പരാജയം നേരിട്ടു. ജപ്പാന്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാത്വിയയെ കീഴടക്കി. ക്രൊയേഷ്യയാണ് ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: