ഡര്‍ബന്‍: നൈജീരിയയും ബുര്‍ക്കിനാ ഫാസോയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. മാലിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് നൈജീരിയ ഫൈനലില്‍ പ്രവേശിച്ചത്. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നൈജീരിയ ആഫ്രിക്കന്‍ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കരുത്തരായ ഘാനയെ കീഴടക്കിയാണ് ബുര്‍ക്കിനാ ഫാസോ കപ്പിന്റെ ചരിത്രത്തിലാദ്യമായി കലാശക്കളിക്ക് യോഗ്യത നേടിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
നെല്‍സ്പ്യുറിറ്റിലെ മൊംബേല സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ ആദ്യം ഘാനയാണ് ലീഡ് നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് വകാസോ മുബാറക്കാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് തകര്‍ത്തുകളിച്ച ബുര്‍ക്കിന ഫാസോ മത്സരത്തിന്റെ 60-ാം മിനിറ്റില്‍ സമനില പിടിച്ചു. അരിസ്റ്റൈഡ് ബാന്‍സാണ് ഗോള്‍ നേടിയത്.
പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ മത്സരം നിശ്ചിത സമയത്ത് സമനിലയില്‍ കലാശിച്ചു. തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിലും ഗോളുകളൊന്നും പിറക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ബകാരി കോനെ, ഹെന്‍റി, ബാന്‍സ് എന്നിവര്‍ ബുര്‍ക്കിനോക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ പോള്‍ കോലിബലിയുടെ കിക്ക് ലക്ഷ്യം തെറ്റി. ഘാനക്ക് വേണ്ടി ക്രിസ്റ്റ്യന്‍ അറ്റ്സു, ഹാരിസണ്‍ അഫുള്‍ എന്നിവര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്.
ഡര്‍ബനിലെ മോസസ് മഭിദ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാലിക്ക് ഒരിക്കല്‍ പോലും നൈജീരിയക്കെതിരെ മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. നൈജീരിയക്ക് വേണ്ടി എല്‍ഡേഴ്സണ്‍, ബ്രൗണ്‍ ഇദേയ, ഇമ്മാനുവല്‍ എംനികെ, അഹമ്മദ് മൗസ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മാലിയുടെ ആശ്വാസഗോള്‍ നേടിയത് ദിയാറയാണ്. ഞായറാഴ്ച ജോഹന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: