ജീവിതത്തിന്റെ എല്ലാ തുറകളിലും എല്ലാ അവസരങ്ങളിലും നാനാമുഖങ്ങളും മാറിമാറിക്കൊണ്ടിരിക്കുന്നവയുമായ എല്ലാ ‘വെല്ലുവിളി’കളെയും അഭിമുഖീകരിക്കുകയും ബോധപൂര്‍വം അങ്ങനെ ചെയ്യുന്നതില്‍ക്കൂടി നമ്മുടെയും ബാഹ്യലോകത്തിന്റെയും മേല്‍ കൂടുതല്‍ അധീശത്വം നടക്കത്തക്കവിധം അധികമധികം ശക്തരായ് തീരാനുള്ള പരിശീലനം നേടുകയുമാണ് നാം വേണ്ടത്. ശാരീരികശക്തിയിലും ഹൃദയവികാരങ്ങളിലും ബുദ്ധിപരമായ കഴിവുകളിലും ഉത്തരോത്തരം ശ്രേഷ്ഠത്വം നേടുന്നതിന് ബോധപൂര്‍വം ഗാഢയത്നം ചെയ്യുകയെന്നതാണ് യഥാര്ത്ഥമതപരമായ ജീവിതം; അത് ഒരു നികൃഷ്ടമര്ത്ത്യജീവിയെ ഒരു ‘കേവലദ്വിപാത്തി’ ന്റെ ദുഃഖജാഡ്യങ്ങളില് നിന്നും ഒരു ദേവന്റെ പൂര്ണത്വത്തിലേക്കും ആനന്ദതന്മയീഭാവത്തിലേക്കും ഉയര്‍ത്തുന്നതായിരിക്കും.
ലോകത്തിലെ മതഗ്രന്ഥങ്ങളുടെയെല്ലാം ഉള്ളടക്കത്തെ സംക്ഷേപിച്ച് പറയുകയാണെങ്കില്‍ പ്രധാനമായും ‘ഏഴ്പതന’ങ്ങള് ഉള്‍ക്കൊള്ളുന്ന ഒരേയൊരു പ്രായോഗികമതസിദ്ധാന്തമായിരിക്കും ആ ശ്രമത്തിന്റെ ഫലം. ഓരോ പതനവും അതിനുമുന്പത്തേതില്നിന്നും താരതമ്യേന ഉയര്‍ന്ന ഒരു പതനമായിരിക്കും; അങ്ങനെ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ ‘പടി’ യില്‍ നാം എത്തിക്കഴിഞ്ഞാല്‍ നാം അവിടെ “ജ്ഞാനത്തിന്റെ നിത്യപ്രകാശ’ത്തില്‍ സ്വയം വെട്ടിത്തിളങ്ങാന്‍ തുടങ്ങുകയായി. എന്നാല്‍ ഓരോ പടിയുമേറുമ്പോഴും പിറകോട്ട് വീണുപോകാനുള്ള സാധ്യതകളുമുണ്ടെന്നോര്ക്കണം. എന്നാല്‍ ഒരിക്കല്‍ നാം ആ കേന്ദ്രഭൂവിലെത്തിക്കഴിഞ്ഞാല് നാം ‘പൂര്ണത്വത്തില് സ്ഥിരം പാര്പ്പുകാരാവുന്ന’തായിരിക്കും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: