ന്യൂദല്‍ഹി: മഹാത്മ ഗാന്ധിയില്‍ തുടങ്ങി വല്ലാഭായ് പട്ടേലിലൂടെ സ്വാമിവിവേകാനന്ദനില് അവസാനിക്കുന്നതായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം.ഭാരതത്തിന്റെ മഹത്വവും ഗുജറാത്തിന്റെ വികസനവും സമാസമം ലയിപ്പിച്ച് മോദി കത്തിക്കയറിയപ്പോള്‍ ശ്രീറാം കോളജിലെ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും പ്രതീക്ഷയുടെ ദീപം കൂടുതല്‍ തെളിഞ്ഞു. ഗുജറാത്തില്‍ എന്തുകൊണ്ട് നരേന്ദ്രമോദി എന്നതിന് നേര്‍ക്കാഴ്ചയുമായി പ്രസംഗം.
ദല്‍ഹിയിലെ പ്രശസ്തമായ ശ്രീറാം കോളേജ് ഒഫ് കൊമേഴ്സില്‍ ശ്രീറാം സ്മാരക പ്രഭാഷണത്തിനാണ് നരേന്ദ്രമോദി എത്തിയത്. ആഗോളതലത്തില്‍ ഉയരുന്ന വ്യവസായ മാതൃക എന്നതായിരുന്നു വിഷയം.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേയും സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റേയും നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. സ്വാതന്ത്ര്യ സമരങ്ങളില്‍ ഗുജറാത്ത് എന്നും മുന്‍പന്തിയാലായിരുന്നു. ഉത്തമ ഭരണത്തില്‍ എന്നും സംസ്ഥാനം ഒരു പടി മുന്നിലാണ്. ഞങ്ങളുടെ വികസന മാതൃക ജനങ്ങള്‍ക്ക് വേണ്ടിയും നല്ല ഭരണത്തിനുവേണ്ടിയുമാണ്. ദല്‍ഹില്‍ മാത്രമല്ല സിംഗപ്പൂരിലും കുടിക്കുന്ന പാല് ഗുജറാത്തിന്റേതാണ്. അഫ്ഗാനിസ്ഥാനില്‍ കിട്ടുന്ന തക്കാളിയും ലണ്ടനില്‍ കിട്ടുന്ന വെണ്ടക്കയും ഗുജറാത്തില്‍ നിന്നാണ് പോകുന്നത് എന്നുപറയുമ്പോള്‍ അഭിമാനമുണ്ട്. ദല്‍ഹിക്കാര്‍ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന മെട്രോട്രെയിന്റെ ബോഗി നിര്‍മ്മിക്കുന്നതും ഗുജറാത്തില്‍ തന്നെയാണ്, മോദി പറഞ്ഞു. ഭാരതം ദരിദ്രരാജ്യമല്ല. പ്രകൃതി വിഭവസമ്പന്നമാണ്. നമ്മള് വിഭവങ്ങള്‍ ശരിയാംവണ്ണം ഉപയോഗിക്കുന്നില്ല. അത് പൂര്‍ണമായി പ്രയോജനപ്പെടുത്തുകയാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. ഭാരതത്തിന് വികസിക്കാനാകും. ഗുജറാത്തിലെ അനുഭവത്തി ല്‍ നിന്ന് എനിക്ക് അത് ഉറപ്പിച്ചു പറയാനാകും.
കൃഷി, വ്യവസായം, സേവന മേഖല എന്നീ മൂന്ന് സ്തൂപങ്ങളിലാണ് ഗുജറാത്തില്‍ വികസനം പടുത്തുയര്‍ത്തിയത്. ഒരു സ്തൂപം വീണാലും മറ്റു രണ്ടെണ്ണം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ രക്ഷിച്ചു നിര്‍ത്തും. സദ്ഭരണം ഇല്ലാത്തതാണ് എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്ന് ജനങ്ങള്‍ പൊതുവെ കരുതാന്‍ കാരണമെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ വലിയ ഭൂഘടനാപരമായ സാധ്യതകള്‍ ഇപ്പോഴും നമ്മള് ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് 10 ശതമാനം വളര്‍ച്ച കൈവരിച്ച് ഗുജറാത്ത് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ നെടുംതൂണുകളായ കൃഷി, വ്യവസായം, സേവനമേഖല, എന്നിവ പരസ്പരം സഹായിച്ചു പോകേണ്ട കാര്യങ്ങളാണ്.
ലോകത്തില്‍ വച്ച് 30 വയസ്സില്‍ കുറഞ്ഞ 65 ശതമാനം യുവജനതയുള്ള രാജ്യമാണ് നമ്മുടേത്. അവസരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. യുവാക്കള്‍ സ്വാമി വിവേകാനന്ദനില്‍നിന്ന് പ്രേരണ ഉള്കോണ്ട് മുന്നോട്ടുപോയാല്‍ ഭാരതം അജയ്യശക്തിയായിമാറും. കരഘോഷങ്ങള്‍ക്കിടെ മോദി പറഞ്ഞു.
ഉര്‍ജസ്വലമായ രാജ്യത്തിനു വേണ്ടി രാജ്യത്തിന്റെ യുവതയെ സ്വാധീനിക്കാന്‍ മോദിക്കായിയെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ ഭാവി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് പി.സി.ജയിന് പറഞ്ഞത്. ഒരു സംഘം വിദ്യാര്‍ഥികള്‍ മോഡിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പൊലീസ് അവരെ തുരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: