ന്യൂദല്‍ഹി: ന്യൂദല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഇന്നലെയും തുടര്‍ന്നു. കേസില്‍ പ്രധാന സാക്ഷിയായ യുവതിയുടെ സുഹൃത്ത് ചൊവ്വാഴ്ച്ച നല്കിയ മൊഴിയിന്മേലുള്ള എതിര്‍വിസ്താരമാണ് ഇന്നലെ നടന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറും കൂടിയായ സുഹൃത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു പ്രതിഭാഗം വക്കീലിന്റെ പ്രധാനശ്രമം.
യുവതിയെ രക്ഷിക്കുന്നതിനിടെ പ്രതികള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലുകള്‍ക്ക് പരുക്കേല്പ്പിച്ചതിനാല് വീല്‍ ചെയറിലിരുന്നാണ് ഇദ്ദേഹം കോടതി നടപടികള്‍ നേരിട്ടത്. വിചാരണയുടെ ആദ്യദിനത്തില്‍ തന്നെ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള മോഷണ കുറ്റമുള്‍പ്പെടെയുള്ള മുഴുവന്‍ കുറ്റങ്ങളും പ്രതികള്‍ നിരസിച്ചു. പോലീസ് കസ്റ്റഡിയിലായിരിക്കെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് പോലീസ് കുറ്റങ്ങള്‍ സമ്മതിപ്പിച്ചതെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. പ്രധാന പ്രതികളായ രാംസിങ്, അനുജന് മുകേഷ് സിങ്, അക്ഷയ് കുമാര്‍ താക്കൂര്‍ എന്നിവര്‍ക്ക് വേണ്ടി അഭിഭാഷകനായ വി.കെ.ആനന്ദാണ് ഹാജറായത്. മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയ്ക്ക് വേണ്ടി എ.പി. സിങ്ങും ഹാജരായി.
പ്രോസിക്യൂഷനു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ ദയാന് കൃഷ്ണനാണ് ഹാജരാകുന്നത്. കൃത്യം നടന്ന ബസ് ചൊവ്വാഴ്ച്ച കോടതി വളപ്പില്‍ പോലീസ് ഹാജരാക്കി. യുവതിയുടെ സുഹൃത്ത് ബസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മരണ മൊഴിയും ദൃക്സാക്ഷിയായ സുഹൃത്തിന്റെ മൊഴിയുമാണ് പ്രോസിക്യൂഷനെ ശക്തമാക്കുന്നത്. കൂടാതെ സിങ്കപ്പൂര്‍ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും, ഡിഎന്‍എ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും പ്രതികള്‍ക്കെതിരെ ശക്തമായി തന്നെ തുടരുന്നു.
80 സാക്ഷികളാണ് കേസിലുള്ളത്. ഈ മാസം അവസാനം കോടതിയുടെ വിധി പ്രസ്താവമുണ്ടാകും.
കഴിഞ്ഞ ഡിസംബര്‍ 16 ന് രാത്രിയാണ് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും പീഡനത്തിനുമിരയായത്.
ശേഷം യുവതിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും വിവസ്ത്രരാക്കി റോഡരികില്‍ തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി 13 ദിവസത്തെ ചികിത്സയ്ക്കുശേഷം ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.
രാംസിങ്, അനിയന് മുകേഷ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് സിങ് താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട വിചാരണയാണ് അതിവേഗ കോടതിയില്‍ നടക്കുന്നത്.
കേസില്‍ ആറാമതായി പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചതിനാല്‍ ഇയാളെ ജുവനെയില്‍ ജസ്റ്റിസ് നിയമപ്രകാരമാകും വിചാരണ ചെയ്യുക.
കൊലപാതകം, കൂട്ടമാനംഭംഗം, തെളിവ്നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, പ്രകൃതി വിരുദ്ധ കൃത്യം, തട്ടിക്കൊണ്ടുപോകല്‍, മോഷണശ്രമത്തിനിടെ പരിക്കേല്‍പ്പിക്കുക, സംഘംചേര്‍ന്ന് ആക്രമിക്കല്‍, കൊല്ലപ്പെട്ട യുവതിയേയും സുഹൃത്തിനേയും ബസ് കയറ്റി കൊല്ലാന്‍ ശ്രമം, സംഘം ചേര്‍ന്ന് കൊല്ലാന്‍ ശ്രമം എന്നിങ്ങനെ 13 കുറ്റങ്ങള്‍ കോടതി പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: