കാന്‍ബറ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. മൂന്നാം ഏകദിനത്തില്‍ 39 റണ്‍സിന്റെ വിജയം നേടിയാണ് ഓസ്ട്രേലിയ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഷെയ്ന് വാട്സന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് നേടി. വാട്സന് പുറതെ 86 റണ്‍സെടുത്ത ഹ്യൂഗ്സും 44 റണ്‍സെടുത്ത ബെയ്ലിയും മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് വെസ്റ്റിന്‍ഡീസ് 290 റണ്‍സിന് ഓള് ഔട്ടായി. 86 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും 51 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും 47 റണ്‍സെടുത്ത കീറണ്‍ പവലും 43 റണ്‍സെടുത്ത ആന്ദ്രെ റസ്സലും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഫ്ലിഞ്ചും ചേര്‍ന്ന് നല്‍കിയത്. തുടക്കം മെല്ലെയായിരുന്നെങ്കിലും പിന്നീട് കത്തിക്കയറിയ ഇരുവരും ചേര്‍ന്ന് 15.3 ഓവറില്‍ സ്കോര്‍ 89ലെത്തിച്ചു. 41 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയോടെ 38 റണ്‍സെടുത്ത ഫ്ലിഞ്ചിനെ ഡെവണ്‍ തോമസിന്റെ കൈകളിലെത്തിച്ച് വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ഹ്യൂഗ്സ് ഉജ്ജ്വല ഫോമിലായിരുന്നു. വാട്സണും ഹ്യൂഗ്സും ചേര്‍ന്ന് സ്കോര്‍ 201-ലെത്തിച്ചു. ഇതിനിടെ ഷെയ്ന്‍വാട്സണ്‍ സെഞ്ച്വറിയും പിന്നിട്ടു. 102 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയോടെയാണ് വാട്സണ് സെഞ്ച്വറിയിലെത്തിയത്. എന്നാല്‍ സ്കോര്‍ 201-ല്‍ നില്‍ക്കേ 111 പന്തുകളില്‍ നിന്ന് 12 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 122 റണ്‍സെടുത്ത വാട്സണെ കെമര്‍ റോക്കിന്റെ പന്തില്‍ പൊള്ളാര്‍ഡ് പിടികൂടി. തുടര്‍ന്നെത്തിയ ക്ലാര്‍ക്കിന് മികച്ച സ്കോര്‍ നേടാനായില്ല. 15 റണ്‍സെടുത്ത ക്ലാര്‍ക്കിനെ പൊള്ളാര്‍ഡ് സ്വന്തം ബൗളിംഗില്‍ പിടിച്ചുപുറത്താക്കി.
സ്കോര്‍ 284-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ഹ്യൂഗ്സും മടങ്ങി. 86 റണ്‍സെടുത്ത ഹ്യൂഗ്സിനെ സമിയുടെ പന്തില്‍ തോമസാണ് പിടികൂടിയത്. തുടര്‍ന്നെത്തിയവരില്‍ 44 റണ്‍സെടുത്ത ബെയ്ലി മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. മാക്സ്വെല് നാല് റണ്‍സെടുത്ത് നരേയ്ന്റെ പന്തില്‍ പൊള്ളാര്‍ഡിന് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ 48.2 ഓവറില്‍ 317 റണ്‍സിലെത്തിയപ്പോള്‍ 44 റണ്‍സെടുത്ത ബെയ്ലിയും നരേയ്ന്റെ പന്തില്‍ പൊള്ളാര്‍ഡിന് പിടിനല്‍കി പുറത്തായി. പിന്നീട് രണ്ട് റണ്‍സെടുത്ത ഫള്ക്നറെ ഡ്വെയ്ന്‍ ബ്രാവോ ക്ലീന്‍ ബൗള്‍ഡാക്കി. വിന്‍ഡീസിന് വേണ്ടി ഡാരന്‍ സമിയും നരേയ്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
330 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങ് ആരംഭിച്ച വിന്‍ഡീസിനും മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ കീറണ്‍ പവലും ഡെവന്‍ തോമസും ചേര്‍ന്ന് 8.4 ഓവറില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സെടുത്ത തോമസിനെ പുറത്താക്കി മക്കായിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. സ്കോര്‍ 81-ല്‍ നില്‍ക്കേ രണ്ടാം വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. 47 റണ്‍സെടുത്ത പവലിനെ മാക്സ്വെല്ലിന്റെ പന്തില്‍ വെയ്ഡ് പിടിച്ചാണ് മടങ്ങിയത്. പിന്നീടാണ് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കൂട്ടുകെട്ട് പിറന്നത്. ബ്രാവോ സഹോദരന്മാര് ക്രീസില്‍ ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയയുടെ പിടി അയഞ്ഞു. മൂന്നാം വിക്കറ്റില്‍ ഡ്വെയ്ന്‍ ബ്രാവോ-ഡാരന്‍ ബ്രാവോ സഹോദരന്മാര് 114 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 50 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയെ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ ക്രിസ് ഗെയില്‍ രണ്ട് റണ്‍സെടുത്ത് ഫള്ക്നറിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ 215-ല്‍ എത്തിയപ്പോള്‍ 86 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും ഫള്‍ക്നറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് പൊള്ളാര്‍ഡ് 9 റണ്‍സെടുത്ത് റണ്ണൗട്ടായതോടെ വിന്‍ഡീസ് 6ന് 234 എന്ന നിലയിലായി. പിന്നീടെത്തിയവരില്‍ 43 റണ്‍സെടുത്ത റസ്സല്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഓസ്ട്രേലിയക്ക് വേണ്ടി ഫള്‍ക്നര്‍ നാല് വിക്കറ്റും മക്കായി രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: