കൊച്ചി: മഹാബലിയെ പാതാളത്തിലേക്കല്ല ആദരവിന്റെ സുതലത്തിലേക്കാണ് ഭഗവാന് വാമനാവതാരത്തില്‍ ഉയര്‍ത്തിയതെന്ന് സ്വാമി ഉദിത് ചൈതന്യ.
മഹാബലി എന്ന വാക്കിന് ഏറ്റവും ശ്രേഷ്ഠമായ ബലി അഥവാ ത്യാഗം എന്നാണര്‍ത്ഥം. എല്ലാ മതങ്ങളും ബലി എന്ന പദത്തെ തെറ്റായി വ്യാഖ്യാനിച്ച് മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതയാക്കി മാറ്റി. വിവേകിയായ മനുഷ്യന് ബലിചെയ്യേണ്ടത് തന്നിലെ സ്വാര്‍ത്ഥത, അവിവേകം, അജ്ഞത എന്നിവയെയാണ്. പങ്കുവയ്ക്കലിലൂടെ സ്വാര്‍ത്ഥതയും, മനസ്സാണ് ഏറ്റവും വലിയ സ്വത്തെന്ന തിരിച്ചറിവിലൂടെ പ്രതിസന്ധികളില്‍ തളരാത്ത മനസ്സ് നേടിയും നഷ്ടപ്പെട്ടതിനെയോര്‍ത്ത് വിഷമിച്ച് മാനസികരോഗിയാവാതെ ഇനിയും നേടാന്‍ മനസ്സിന് കഴിവുണ്ടെന്ന ബോധം, ജ്ഞാനം നിലനിര്‍ത്തിയും ജീവിച്ച യുഗപുരുഷനാണ് മഹാബലി.
മഹാബലിയില്‍നിന്നും മൂന്നടി അളന്ന വാമനനാകട്ടെ കാലശക്തി എന്നും നാം തിരിച്ചറിയണം. രാപ്പകലുകള്‍, സുഖദുഃഖങ്ങള്‍, ജയപരാജയങ്ങള്‍ ഇവ കാലലീലകളാണ്. അതില്‍ തളരാത്തവരാണ് യഥാര്‍ത്ഥ മഹാബലിമാര്‍. അവരെ കാലം എന്നും ബഹുമാനിക്കും. അതിനാല്‍ മഹാബലിയെ, വാമനന് പാതാളത്തിലേക്ക് താഴ്ത്തുകയല്ല മറിച്ച് സുതലത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തതെന്ന് ഭാഗവതം നമുക്ക് കാണിച്ചുതരുന്നു. സുകൃതം ഭാഗവതയജ്ഞവേദിയില്‍ മഹാബലി ചരിതം വ്യാഖ്യാനിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ദൃശ്യാവിഷ്ക്കാരത്തോടുകൂടി ശ്രീകൃഷ്ണാവതാരം യജ്ഞത്തിന് നവ്യാനുഭൂതി പകര്‍ന്നു.
ഇന്ന് രുഗ്മിണീ സ്വയംവര വേളയില്‍ നിര്‍ധനരായ അഞ്ച് പെണ്‍കുട്ടികളുടെ വിവാഹം യജ്ഞവേദിയില്‍ അതിവിപുലമായി നടക്കും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കളക്ടര്‍ ഷേക് പരീത് തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്ത് വധൂവരന്മാരെ ആശിര്‍വദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: