കേരളത്തിലെ കരുത്തുറ്റ ദേശീയ അദ്ധ്യാപക പ്രസ്ഥാനവും ഭാരതത്തിലെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ എബിആര്‍എസ്എം ന്റെ കേരള ഘടകവുമായ ദേശീയ അദ്ധ്യാപക പരിഷത്തിന്റെ (എന്‍ടിയു) 34-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ ഫെബ്രുവരി ഒന്‍പത് വരെ കണ്ണൂരില്‍ നടക്കുകയാണ്. “മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്ര നന്മക്ക്” എന്നതാണ് സമ്മേളനം ഉയര്‍ത്തുന്ന മുദ്രാവാക്യം.
മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന എന്‍ടിയു നിരന്തരമായ പോരാട്ടങ്ങളിലൂടെയും ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ പ്രബലമായ അദ്ധ്യാപക പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. ഒറ്റപ്പെടലിന്റെയും അവഗണനയുടെയും കാലഘട്ടത്തെ ചെറുത്ത് തോല്‍പ്പിച്ച്, പോരാട്ടത്തിന്റെയും അംഗീകാരത്തിന്റെയും പാതയിലൂടെ ഇന്ന് എന്‍ടിയു കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിദ്ധ്യമാണ്.
കേരള വിദ്യാഭ്യാസ രംഗത്ത് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധവും കുടുംബ ബന്ധങ്ങളും ശിഥിലമാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യബോധം പകര്‍ന്നു നല്‍കേണ്ട അദ്ധ്യാപകര്‍ തന്നെ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് ഇരുട്ടില്‍ തപ്പുന്നു. ഇതിന്റെ ഫലം എന്നോണം കേരളത്തിലെ പൊതുസമൂഹത്തില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാവുന്നു. സാക്ഷരതയില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം, വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം, ആരോഗ്യരംഗത്ത് മാതൃകാ സംസ്ഥാനം, സാംസ്ക്കാരിക രംഗത്ത് ഭാരതത്തിന് മാതൃകയായ സംസ്ഥാനം-എന്നാല്‍ ഇന്ന് സ്ത്രീപീഡനത്തിലും മദ്യം ഉപയോഗിക്കുന്നതിലും അഴിമതിയിലും വര്‍ഗ്ഗീയവല്‍ക്കരണത്തിലും മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടിക്കൊണ്ടിരിക്കുന്നു. എവിടെയാണ് തെറ്റുപറ്റിയത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകര്ന്നുനല്കുന്നതില് നമ്മുടെ വിദ്യാഭ്യാസം പരാജയപ്പെട്ടിരിക്കുന്നു. പുസ്തകതാളുകളിലെ അക്ഷരങ്ങള്‍ക്കും അറിവുകള്‍ക്കുമപ്പുറം ധാര്‍മിക മൂല്യങ്ങളും വിദ്യാഭ്യാസമൂല്യങ്ങളും സാംസ്ക്കാരികമൂല്യങ്ങളും പകര്‍ന്നു നല്കാന് ഇന്ന് വിദ്യാഭ്യാസത്തിന് കഴിയുന്നില്ല. ഇവിടെയാണ് എന്‍ടിയു പോലുള്ള അദ്ധ്യാപക സംഘടനകളുടെ പ്രസക്തി. ഈ മൂല്യങ്ങള്‍ പകര്‍ന്നു നല്കാന്, മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു കൂട്ടം ദേശസ്നേഹികളായ അദ്ധ്യാപകരുടെ പ്രസ്ഥാനമാണ് എന്‍ടിയു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാരുടെ നാടായി മാറാതിരിക്കാന്‍ കാവല്ഭടന്മാരെപ്പോലെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്‍ടിയു.
വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരണത്തിനും കച്ചവടവല്ക്കരണത്തിനുമെതിരെ എന്‍ടിയു നിരന്തരമായ പോരാട്ടത്തിന്റെ പാതയിലാണ്. അദ്ധ്യാപകര്‍ പതിറ്റാണ്ടുകളിലെ നിരന്തരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്റ്റാറ്റ്യൂട്ടറി പെന്ഷന് പോലുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കു ന്നതിനെതിരെ സമരപോരാട്ടം തുടരുകയാണ് എന്‍ടിയു. വിദ്യാഭ്യാസ വകുപ്പില്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരെ മാത്രം തിരുകിക്കയറ്റുന്നു, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുമ്പോള് പാവപ്പെട്ട എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നാമമാത്രമായ ആനുകൂല്യങ്ങള്‍ മാത്രം നല്കുന്നു. ഒരു സര്‍വകലാശാലയുടെ ഭൂമി തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. പരിപാവനമായ സരസ്വതീ ക്ഷേത്രമായ കോഴിക്കോട് സര്‍വകലാശാലയില്‍ വിദ്യാരംഭം ചടങ്ങിന് വിലക്കേര്‍പ്പെടുത്തുന്നു ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എഐപി വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്കാന് ശ്രമിക്കുന്നു. ബാങ്ക് വിളിയോടെ ആരംഭിച്ച ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നല്കി കലാരംഗത്ത് പുതിയ മലപ്പുറം മോഡല്‍ വിധി നിര്‍ണയം നടത്തുന്നു. നിലവിളക്ക് കൊളുത്താന്‍ തയ്യാറാകാത്ത മന്ത്രിമാര്‍ നാട്ടില്‍ ഭരണം നടത്തുന്നു. കേരളത്തിലെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഭാരതകേസരി മന്നത്ത് പദ്മനാഭനെ പോലുള്ള മഹാരഥന്മാരെ ജാതിയുടെ മതില് കെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ട് അപമാനിക്കുന്നു, കേരളത്തിന്റെ സമ്പത്ത് ഒരു പ്രത്യേക മതവിഭാഗത്തിന്റെ കൈകളില്‍ കുന്നു കൂടുന്നു, ഭരണ രംഗത്ത് ന്യൂനപക്ഷങ്ങള്‍ പിടിമുറുക്കുന്നു. ഭൂരിപക്ഷ സമുദായം വെള്ളം കോരികളും വിറക് വെട്ടികളുമായി മാറുന്നു. ഈ ഒരു ഭീകരമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.
ഈ ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്താന്‍ എന്‍ടിയു പോലുള്ള പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ഈ അദ്ധ്യയന വര്‍ഷം റംസാന്, പെരുന്നാള്‍ ഇവയുടെ പേരില്‍ ഓണപ്പരീക്ഷ ഓണാവധി കഴിഞ്ഞ് നടത്തുവാന്‍ ക്യുഐപി കമ്മറ്റിയുടെ ശുപാര്ശയിന്മേല് ഗവണ്മെന്റ് തീരുമാനമെടുത്തു. ഓണാഘോഷപരിപാടികള്‍ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിട്ടാണ് ഈ തീരുമാനമെടുത്തത്. ഓണപ്പരീക്ഷ കഴിഞ്ഞ് ശാന്തമായ മനസ്സോടെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ നാട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഓണം ആഘോഷിക്കുക മലയാളിയുടെ പതിറ്റാണ്ടുകളായിട്ടുള്ള ശീലമാണ്. ഇത് അട്ടിമറിക്കാനുള്ള നീക്കത്തെ എന്‍ടിയു ശക്തമായി എതിര്‍ക്കുകയും ഇതിനെത്തുടര്‍ന്ന് പരീക്ഷ ഓണാവധിക്കു മുന്‍പുതന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇത് എന്‍ടിയുവിന്റെ പോരാട്ട വിജയമായിരുന്നു.
അദ്ധ്യാപക സംഘടനാ മീറ്റിംഗുകളില്‍ മറ്റ് സംഘടനകള്‍ രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ നടത്തുമ്പോള്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ എന്‍ടിയുവിന് കഴിയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവെച്ച ഓണം, ക്രിസ്തുമസ് പരീക്ഷകള്‍ ആരംഭിച്ചത് എന്‍ടിയുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പര്‍ സ്കൂളുകളില്‍ നേരിട്ടെത്തിക്കുന്നതിനും വിവേകാനന്ദ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമെടുത്തത് എന്‍ടിയു നിര്‍ദ്ദേശപ്രകാരമായിരുന്നു. ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ നീട്ടിയതും എന്‍ടിയു ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലാ, കായിക, ശാസ്ത്രമേളകളില് നിറസാന്നിദ്ധ്യമാണ് എന്‍ടിയു. ഈ വര്‍ഷം നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, കായികമേള, സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം പരിപാടികളില്‍ എന്‍ടിയു വിന് കണ്വീനര്ഷിപ്പോടെ കമ്മറ്റികള്‍ ലഭിച്ചിരുന്നു. ഏറ്റെടുത്ത എല്ലാ കമ്മറ്റികളും സ്തുത്യര്‍ഹമായ രീതിയില്‍ വിജയിപ്പിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പ്രശംസ പിടിച്ചുപറ്റാന്‍ എന്‍ടിയുവിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
എന്‍ടിയുവിന് ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. കേരളത്തിലെ 14 ജില്ലകളിലും എല്ലാ സബ്ജില്ലകളിലും പ്രവര്‍ത്തനമുള്ള എന്‍ടിയുവിനെ അദ്ധ്യാപക സമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കുന്നതിനും എന്‍ടിയു മുന്‍പന്തിയിലുണ്ട്. അതേസമയം മാതൃകാ അദ്ധ്യാപകര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന കാര്യത്തിലും എന്‍ടിയു മുന്നിലാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്ന വിലയിരുത്തുന്ന വലിയ ഒരു വിഭാഗം അദ്ധ്യാപക സമൂഹം നാളെ നമ്മുടെ സംഘടനയിലേക്ക് വരാനിരിക്കുന്നു. അതിന്റെ അലയൊലികള്‍ തുടങ്ങിക്കഴിഞ്ഞു. അവരെ ഉള്‍ക്കൊള്ളാന്‍ സംഘടന ഇനിയും വളരേണ്ടിയിരിക്കുന്നു. അതിനുള്ള പ്രചോദനമാവണം കണ്ണൂരിലെ സമ്മേളനം. എന്‍ടിയുവിന്റെ വിരാടരൂപം കണ്ണൂരില്‍ കാണിക്കാന്‍ നമുക്ക് കഴിയണം. അതിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങുക.
വി.ഉണ്ണികൃഷ്ണന് (എന്‍ടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: