ചോദ്യം: പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെങ്കില്‍ അത്രയും കുടുംബം രക്ഷപ്പെടില്ലേ?
-പി.ശോഭ, ചെങ്ങന്നൂര്‍.
ഉത്തരം: വിമാനത്താവളം വന്നാല്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദം പൊള്ളയാണ്. വിമാനത്താവളം നിര്‍മിക്കുക മാത്രമേ കമ്പനി ചെയ്യുന്നുള്ളൂ. വിമാന കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. അതുകൊണ്ട് ജോലി സാധ്യത ഉണ്ടാവുന്നത് വിമാനക്കമ്പനികളിലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലുമാണ്. ആറന്മുളയില് വിമാനത്താവളമുണ്ടായാല്‍ സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് വിമാനക്കമ്പനികള്‍ പറഞ്ഞിട്ടില്ല. മുനിസിപ്പാലിറ്റി ഒരു ബസ്സ്റ്റാന്‍ഡ് ഉണ്ടാക്കിയാല്‍ അവിടെ സര്‍വീസ് നടത്തുന്ന ബസുകളില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുമെന്നത് ശരിയാണ്. അനുബന്ധമായി ടാക്സി കാര്‍-ഓട്ടോ എണ്ണം കൂടും. പക്ഷേ മുനിസിപ്പാലിറ്റിക്ക് തൊഴില്‍ സാധ്യതകളുമായി എന്ത് ബന്ധം? വിമാനത്താവളം വന്നാല്‍ ഇത്രയൊക്കെയേ സംഭവിക്കൂ. ഇനി അഥവാ ധാരാളം പേര്‍ക്ക് തൊഴില്‍ കിട്ടിയാല്‍ തന്നെ, അത് പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളവും അന്നവും മുട്ടിച്ചിട്ട് വേണോ? ചാരായം നിരോധിച്ചപ്പോള്‍ ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. തൊഴിലായിരിക്കരുത്, ജനനന്മയും പൊതുതാല്പ്പര്യവുമായിരിക്കണം ഏതൊരു നടപടി സ്വീകരിക്കുന്നതിന്റേയും അടിസ്ഥാന കാരണങ്ങള്‍.
ചോദ്യം: കൃഷി ഇറക്കാതെ തരിശായി കിടന്ന പാടശേഖരമാണ് നികത്തിയതെന്നുംഅതുകൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവുമുണ്ടാകില്ലെന്നുമുള്ള മുഖ്യമന്ത്രിയുടേയും കമ്പനിയുടേയും വാദഗതി ശരിയാണോ?
-പി.എസ്.നാരായണന്, പത്തനംതിട്ട.
ഉത്തരം: വീണത് വിദ്യയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തണ്ണീര്‍ത്തട നെല്‍വയല്‍ നിയമമനുസരിച്ച്, സര്‍ക്കാര്‍ രേഖകളില്‍ നെല്‍വയലും നീര്ത്തടമായും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഇടവും കൃഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും നികത്താന്‍ പാടില്ല. അത് പരിസ്ഥിതിക്ക് വളരെയേറെ ദോഷം ചെയ്യും. ഇതാണ് പൊതുനിയമം. പക്ഷേ ആറന്മുളയുടെ കാര്യത്തില്‍ കൃഷി ചെയ്തുകൊണ്ടിരുന്ന പാടശേഖരമാണെന്ന് കര്‍ഷകര്‍ക്ക് സബ്സിഡി കൊടുത്തിട്ടുണ്ടെന്നും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, മണ്ണിട്ടുനികത്തിയതുകൊണ്ടുമാത്രമാണ് കൃഷി ചെയ്യാന്‍ കഴിയാതെ പോയതെന്നും അവര്‍ വ്യക്തമാക്കുന്നു. വസ്തുത ഇതായിരിക്കെ, വിമാനക്കമ്പനി നടത്തുന്ന കള്ളപ്രചരണം വിലപ്പോവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: