ന്യൂദല്‍ഹി: ഗുജറാത്തിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെ മുഖ്യമന്ത്രി നരേന്ദ്രമോദി മന്മോഹന് സിങ്ങിനെ കണ്ടു. മൂന്നാം തവണയും മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് മോദി-പ്രധാനമന്ത്രി കൂടിക്കാഴ്ച. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മോദി ദീര്‍ഘകാലമായി ഗുജറാത്ത് ആവശ്യപ്പെടുന്നതും കേന്ദ്രം അവഗണിക്കുന്നതുമായ പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
സംസ്ഥാനങ്ങള്‍ക്ക് പാചകവാതകം നല്കുന്നതില് ദല്‍ഹിക്കും മുംബൈക്കും ബാധകമായവ ഗുജറാത്തിനും ബാധകമാക്കണമെന്നാണ് ആവശ്യം.. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടികളോടുള്ള അമര്‍ഷം നരേന്ദ്രമോദി പ്രധാനമന്ത്രിയോട് അറിയിച്ചു.
നര്‍മ്മദാ നദിയിലുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് കനാല്‍ വേണമെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യം പരിഗണിക്കാത്തതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഗുജറാത്തിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്‍കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്നും ഗുജറാത്തിന് അവകാശപ്പെട്ടതും മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതുമായ കാര്യങ്ങള്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നും ചര്‍ച്ചയ്ക്ക് ശേഷം നരേന്ദ്രമോദി പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മോദി സൂചിപ്പിച്ചു.
ഗുജറാത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇതിനിടെ, വികസനവുമായി ബന്ധപ്പെട്ട് നഗരവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ അധികവും ഗുജറാത്ത് സര്‍ക്കാര്‍ സ്വന്തമാക്കിയത് ശ്രദ്ധേയമായി. ആകെയുള്ള 16 അവാര്‍ഡുകളില്‍ നാലും നേടിയത് ഗുജറാത്താണ്. എന്‍.ഡി.എ ഭരണത്തിലുള്ള മദ്ധ്യപ്രദേശും ഒറീസയും 2 അവാര്‍ഡുകള്‍ വീതം സ്വന്തമാക്കി. 16ല്‍ 11 അവാര്‍ഡുകളും കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ക്കാണ് കിട്ടിയതെന്നതും ശ്രദ്ധേയമാണ്. ആന്ധ്ര (2), അസാം, ബിഹാര്‍ ജാര്‍ഖണ്ഡ് കര്‍ണാടക, രാജസ്ഥാന്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ് ഇ-ഗവര്ണന്സിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയ മറ്റു സംസ്ഥാനങ്ങള്‍. നഗരങ്ങളുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്ക് മാതൃകയായി ഗുജറാത്ത് സര്‍ക്കാരിനെയാണ് കേന്ദ്രം ചൂണ്ടികാണിച്ചിരിക്കുന്നത്. ഈ മാസം 12ന് ജയ്പൂരില്‍ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: