ന്യൂദല്‍ഹി: ശൈത്യകാലത്തെ റെക്കോഡുകള്‍ തകര്‍ത്ത് ഉത്തരേന്ത്യയില്‍ കനത്ത മഴ. ദല്‍ഹിയില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഫെബ്രുവരിയില്‍ പെയ്ത ഏറ്റവും കനത്ത മഴയായിരുന്നു ഇത്. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെ രാവിലെവരെ നീണ്ടു. കനത്ത മഴമൂലം ഗതാഗതം തടസപ്പെട്ടു. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ദല്‍ഹിയില്‍ 50 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ദല്‍ഹിയെ കൂടാതെ രാജസ്ഥാന്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി. ഈ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും മഴക്ക് സാധ്യതയുള്ളതായാണ് സൂചന.
കനത്ത മഴയെത്തുടര്‍ന്ന് ദല്‍ഹിയില്‍ പലയിടത്തും ട്രാഫിക് ലൈറ്റുകള്‍ അണഞ്ഞു. ഇത് ഗതാഗതക്ലേശം രൂക്ഷമാക്കി. ദല്‍ഹിയിലെ കുറഞ്ഞ താപനില 11.7 ഡിഗ്രിയായിരുന്നു. ഉയര്‍ന്ന താപനില 19.3 ഡിഗ്രി സെല്‍ഷ്യസും.
അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മു-ശ്രീനഗര്‍ ഹൈവേ അടഞ്ഞുകിടന്നു.
കനത്ത മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും മൂലം ദേശീയപാതയില്‍ ഗതാഗതം അസാധ്യമായിരിക്കുകയാണ്. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഗതാഗതം നിരോധിച്ചതോടെ നൂര്കണക്കിന് വാഹനങ്ങള്‍ പല സ്ഥലങ്ങളില്‍ കുടുങ്ങിയിരിക്കകയാണ്. ഹൈവേയില്‍ ഗതാഗതം സാധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുടുങ്ങിയ വാഹനങ്ങളില്‍ 400 ഓളം യാത്രക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: