അങ്കമാലി: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പെരിയാറാന്റെ കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ ടെണ്ടര്‍ നടപടികളാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് അവസാനത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. തോട്ടുമുഖം മഹിളാലയത്തിന്റെ പരിസരത്തുനിന്നും തുരുത്തിലേക്കും തുരുത്തില്‍നിന്നും തൂമ്പാകടവിലേക്കുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതുമൂലം താമസിയാതെ തന്നെ ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു പിടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത സീപോര്‍ട്ട് എയര്‍പോര്‍ട്ട് പദ്ധതിയുടെ ഒന്നാം ഘട്ടം മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. ഇരുമ്പനത്തുനിന്നും ആരംഭിച്ച സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിന്റെ കളമശേരി എച്ച്.എം.ടി. ഭാഗത്തു മാത്രമേ പണി നടന്നിട്ടുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും. ഈ റോഡ് എയര്പോര്ട്ടിലെത്തിക്കുന്നതിനായി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കളമശേരിയില്‍നിന്നും എയര്‍പോര്‍ട്ട് വരെ എത്തുന്ന രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസമാണ് ഈ പദ്ധതി ഇത്രയും വൈകാന്‍ കാരണം. അലൈമെന്റുകള്‍ മാറിമാറി വന്നതും പദ്ധതി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമായി പറയാന്‍ കഴിയാതിരുന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വരുത്തിയിരുന്നു. കളമശ്ശേരിയില്‍നിന്നും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ നേരത്തെ നിശ്ചിയിച്ച അലൈന്മെന്റില്നിന്നും കാര്യമായ വ്യത്യാസം ഉണ്ടായിരിക്കും. ഇതിനുള്ള അക്വിസേഷന്‍ നടപടികള്‍ നടന്നു വരികയാണ്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ അലൈന്മെന്റില് വന്ന മാറ്റവും അത് അംഗീകരിക്കാന്‍ വന്ന താമസവുമാണ് പദ്ധതി ഇത്രയും വൈകാന്‍ കാരണം. സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് രണ്ടാമതും ജീവന് വച്ചതാണ് ഈ പദ്ധതി വേഗതയിലാക്കാന്‍ തീരുമാനമായത്. സ്മാര്‍ട്ട് സിറ്റിയുടെ പദ്ധതിയുടെ പ്രധാന റോഡായി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനെയാണ് അധികൃതര്‍ കണ്ടിരിക്കുന്നത്. ഇത് മൂലം ഈ പദ്ധതിയുടെ നിര്‍മ്മാണജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ സ്മാര്‍ട്ട് സിറ്റിയെയും സീപോര്‍ട്ടിനെയും എളുപ്പത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടൊപ്പം കയറ്റിറക്ക് മേഖലയ്ക്കും ഇത് ഗുണകരമാകും. മാത്രവുമല്ല, ദേശീയപാത 47ലെയും എം.സി. റോഡിലെയും ദേശീയപാത 17ലെയും എറണാകുളം, ആലുവ ഭാഗത്തെയും വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്ക് കുറയ്ക്കുവാനും ഈ റോഡ് സഹായകരമാകും. ഇത് കൂടാതെ ശ്രീമൂലനഗരം, കാലടി, കാഞ്ഞൂര്‍, ചെങ്ങമനാട് മേഖലകളുടെ വികസനത്തിനും യാത്രാദുരിതത്തിനും പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: