അഞ്ചല്‍: അഞ്ചല്‍ പട്ടണത്തിലുടനീളം മാസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തീരാദുരിതം.
അഞ്ചല്‍ ഗ്രാമപഞ്ചായത്തിന് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനോ മാലിന്യ നീക്കത്തിനോ വ്യക്തമായ പദ്ധതികളില്ല. മഴക്കാലത്ത് പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യം മൂലം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചിരുന്നു. വൃത്തിഹീനമായ അഞ്ചല്‍ മാര്‍ക്കറ്റും പരിസര പ്രദേശങ്ങളിലും യാതൊരു മാലിന്യനീക്കവും നടത്താതെ ചന്തമാ ലിന്യം കുന്നുകൂടിയിരുന്നു. ഇതിനിടയില്‍ മാര്‍ക്കറ്റിലുള്ള ഇന്‍സിനേറ്റര്‍ സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നത് വിഫലമായി.
ചീരാന്‍ മയൂര എന്ന സ്ഥാപനത്തിന് പത്തുലക്ഷം രൂപ അടച്ച് തഴമേലില്‍ വലിയ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഇന്ന് ഉപേക്ഷിച്ച മട്ടാണ്. മുന്‍ ഭരണസമിതിയുടെ ഈ നടപടി ഓംബുഡ്സ്മാന്റെ മുന്നിലുമാണ്. ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുത്ത് എണ്ണപ്പന തോട്ടത്തില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച മാലിന്യ പ്ലാന്റും തുടങ്ങിയിടത്തു തന്നെ. ഇപ്പോള്‍ മാസങ്ങളായി അഞ്ചല്‍ പട്ടണത്തിലെ കടകളിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും വേസ്റ്റ് ബസ്സ്റ്റോപ്പുകളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതുമൂലം ഇവിടെ ബസ്കാത്തുനില്ക്കുന്നവര്ക്കാണ് വളരെയേറെ ബുദ്ധിമുട്ട് നേരിടുന്നത്.
അഞ്ചല്‍ ആര്‍ഒ ജംഗ്ഷന്, കോളേജ് ജംഗ്ഷന്, പ്രൈവറ്റ് ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. ഇതുവഴി നടക്കുന്നവര്‍ക്ക് മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്. അഞ്ചല്‍ പട്ടണ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച നടപ്പാതയ്ക്ക് വേണ്ടി കൊണ്ടുവന്ന സിമെന്റ് ബ്ലോക്കും മെറ്റലും റോഡരുകില്‍ കൂട്ടി ഇട്ടിരിക്കുന്നതും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു. അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ വക മാലിന്യം നീക്കുന്നതിനുള്ള വാഹനം പഞ്ചായത്ത് ബസ്സ്റ്റാന്റില് ഉപേക്ഷിച്ചിരിക്കുന്നു.
ഉണങ്ങിയ പാഴ്വസ്തുക്കളും പേപ്പറും തുണിക്കെട്ടുകളും കൂട്ടിഇട്ടിരിക്കുന്നതിനടുത്തായി വ്യാപാരികള്‍ രാത്രി കാലങ്ങളില്‍ വേസ്റ്റ് കൂട്ടി തീ ഇടുന്നതും വലിയ അപകടത്തിനു കാരണമായേക്കാം. വ്യാപാര സ്ഥാപനങ്ങളോട് ചേര്‍ന്ന് ഇത്തരം മാലിന്യക്കൂനകള്‍ തീപിടിത്തത്തിനു കാരണമാകാതെ പട്ടണമധ്യത്തില് നിന്ന് നീക്കം ചെയ്യണമെന്ന് ബിഎംഎസ് മേഖലാ സെക്രട്ടറി ഏരൂര്‍ മോഹനന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: