ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ കണക്കുകള്‍ ഒന്നൊന്നായി സിഎജി പുറത്തുകൊണ്ടുവന്നപ്പോള്‍ അതിനെ പ്രതിരോധിക്കുകയായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വം. കള്ളകണക്കുകള്‍ എന്നാണ് കപില്‍സിബില്‍ ആക്ഷേപിച്ചത്. പക്ഷേ ഒളിച്ചുവയ്ക്കാനാകാതെ അഴിമതിയുടെ കണക്കുകള്‍ പുറത്തായതാണ് പ്രശ്നമായത്. പ്രധാന മന്തിയുടെ ഓഫീസ്, ദല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്, കോണ്‍ഗ്രസ്സ് ആസ്ഥാനം എന്നിവിടങ്ങളിലേക്കെല്ലാം അഴിമതിനീണ്ടു. ഗെയിംസിന്റെ കാര്യനിര്‍വ്വാഹകസമിതി ചെയര്‍മാ ന് സുരേഷ്കല്മാഡിയെ ബലികൊ ടുത്ത് തടിതപ്പാനുള്ള തന്ത്രം കോണ്‍ഗ്രസ്സ് പയറ്റിയത് അപ്പോഴാണ്.
പിന്നീടെല്ലാം പെട്ടന്നായി. സി ബി ഐ കേസ്, കല്‍മാഡിയുടെ അറസ്റ്റ്, ജയില്‍വാസം, കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കല്‍. ഇപ്പോള്‍ കുറ്റപത്രവും. രാജ്യത്തിന് നാണക്കേടും കോടികളുടെ നഷ്ടവും ഉണ്ടാക്കിയ കോടികളുടെ അഴിമതിയില്‍ കല്‍മാഡിയും ചില ഉദ്യോഗസ്ഥരും മാത്രം പ്രതികള്‍. വന്‍ തോക്കുകള്‍ രക്ഷപെട്ട് പുറത്തും.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെകുറിച്ച് സിഎജി വ്യക്തമായ സൂചന നല്‍കിയിരുന്നു.കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കാര്യനിര്‍വ്വാഹകസമിതി ചെയര്‍മാനായി കല്‍മാഡിയെ നിയമിക്കരുതെന്ന കായിക മന്ത്രിമാരുടെ നിര്‍ദ്ദേങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മറികടക്കുകയായിരുന്നുവെന്ന് സിഎജി വിനോദ് റായ് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. മന്മോഹന് സിങ്ങിന്റെ കീഴില്‍ കായിക മന്ത്രിമാരായിരുന്ന സുനില്‍ ദത്തും, എം.എസ്.ഗില്ലും, മണിശങ്കര്‍ അയ്യരും കല്‍മാഡിയുടെ നിയമനത്തിനെതിരെ കാബിനറ്റില്‍ വാദിച്ചിരുന്നതിന്റെ രേഖകളും പുറത്തു വന്നിരുന്നു. ഇവരുടെ വാക്കുകള്‍ക്ക് പുല്ലുവില കൊടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് കല്‍മാഡിയെ ഗെയിംസിന്റെ ചുക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രധാനാനമന്ത്രിയുടെ ഓഫീസ് എന്നാല്‍ സോണിയയുടെ താല്പര്യമെന്ന് വ്യക്തം. കല്‍മാഡിക്കൊപ്പം ഷീലാ ദിക്ഷിത്തും കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ ഏറ്റവും അടുപ്പക്കാരായ ചിലരും ചേര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കിയതെന്ന് അറിയാത്തവരില്ല.
മറ്റുള്ളവരെയെല്ലാം രക്ഷിക്കാന്‍ കല്‍മാഡി ബലിയാടാകുകയായിരുന്നു. സാങ്കേതികമായി കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെങ്കിലും കല്‍മാഡിയെ തള്ളിപ്പറയാന്‍ നേതൃത്വം ഇതുവരെ തയ്യാറായിട്ടുമില്ല. സിബിഐ അറസ്റ്റ് ചെയ്ത് 10 മാസം ജയിലില്‍ കിടന്ന ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് എം.പികൂടിയായ കല്‍മാഡിക്ക് പാര്‍ലമന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അംഗത്വം നല്കി കൊണ്ടാണ് സ്നേഹം പ്രകടിപ്പിച്ചത്. ഇത് വിവാദമായപ്പോള്‍ കല്‍മാഡിക്ക് പാര്‍ട്ടി വിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കോണ്‍ഗ്രസ് പ്രതിനിധിയായി പാര്‍ലമെന്റില്‍ കമ്മിറ്റികളില്‍ ഇരിക്കാന്‍ അര്‍ഹതയുമുണ്ട് എന്നായിരുന്നു പാ ര്ലമെന്റുകാര്യ മന്ത്രിയുടെ മറുപടി.
സൈനിക ഉദ്യോഗസ്ഥനായിരുന്ന കല്‍മാഡിയെ ഇന്ദിര ഗാന്ധിയുടെ കാലത്ത് സഞ്ജയ് ഗാന്ധിയാണ് കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത്. 1977ല്‍ പൂനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിട്ടായിരുന്നു തുടക്കം. 1978 മുതല്‍ 1980 വരെ മഹാരാഷ്ട്ര ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡണ്ടും. 1982 മുതല്‍ 1995 വരെ മൂന്നുഘട്ടങ്ങളിലും പിന്നീട് 98ലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യാസഭയിലുമെത്തി. 1996ലും 2004ലും 2009ലും പുനെയെ പ്രതിനിധീകരിച്ച് ലോക്സഭാഅംഗവുമായി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ റെയില്‍വെ മന്ത്രിയായും കല്‍മാഡിയെ കോണ്‍ഗ്രസ് നിയമിച്ചിരുന്നു.
ഇന്ദിരാ കുടുംബവുമായിട്ടുള്ള അടുപ്പവും ശരദ്പവാറിന്റെ ഉറച്ചപിന്തുണയുമാണ് കല്‍മാഡിയെ വളര്‍ത്തിയത്. തുടക്കത്തില്‍ തുടര്‍ച്ചയായി മൂന്നൂതവണ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ നേതൃഗുണത്തേക്കാളുപരി കേന്ദ്ര നേതാക്കളുമായുള്ള ചങ്ങാത്തമായിരുന്നു. കായികമന്ത്രിമാരേക്കാള് വലിയആളായി ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തെ മാറ്റിയെടുക്കുന്നതിന് കല്‍മാഡിയെ സഹായിച്ചതും ഈ ബന്ധങ്ങള്‍തന്നെ.
കേസില്‍ പ്രതിയാകുമെന്നായപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂവെന്ന് കല്‍മാഡി വെല്ലുവിളിച്ചിരുന്നു. താന്‍ വാ തുറന്നാല്‍ പല പ്രമുഖരും അകത്താകുമെന്നതിന് ഉറപ്പുള്ളതിനാലായിരുന്നു വെല്ലുവിളി. അറസ്റ്റിലായ കല്‍മാഡി വാ തുറക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ചെയ്തത് എന്തെന്ന് ഇനി പുറത്തു വരാനിരിക്കുന്നതേയുള്ളു. അഴിമതിയില്‍ കല്‍മാഡിക്കും ഇപ്പോള്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്കും പങ്കുണ്ട് എന്നതില്‍ തര്ക്കമില്ലായിരിക്കാം. എന്നാല്‍ അഴിമതിക്ക് അവസരമൊരുക്കിയവരും കൂട്ടുനിന്നവരും ഇവരെ മറയാക്കി രക്ഷപ്പെടുന്നുവെന്ന് മാത്രം.
** പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: