ന്യൂദല്‍ഹി: ബാലശിക്ഷാ നിയമത്തിലെ കുട്ടികള്‍ എന്ന പ്രയോഗത്തിന്റെ നിര്‍വചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബാലശിക്ഷാ നിയമം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം
നിലവില്‍18 വയസില്‍ താഴെയുള്ളവരാണ് ബാലശിക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഇത് 16 വയസാക്കി കുറയ്ക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചു.. വിഷയത്തില്‍ മാര്‍ച്ച് 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി എജിയോട് ആവശ്യപ്പെട്ടു. പൊതു താല്‍പ്പര്യഹര്‍ജി കോടതി ഏപ്രില്‍ 3ന് വീണ്ടും പരിഗണിക്കും
പ്രായപൂര്‍ത്തിയെത്താത്തവര്‍ക്ക് അവര്‍ ചെയ്യുന്ന കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ നിശ്ചയിക്കണമെന്നാണ് പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം. ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി കേസില്‍ നിന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഇയാളാണ് തന്നോട് ഏറ്റവും ക്രൂരമായി പെരുമാറിയതെന്ന് മാനഭംഗത്തിനിരയായ പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന സ്കൂള്‍ സര്‍ട്ടിഫിക്കേറ്റിന്റെ ബലത്തില്‍ കേസില്‍ നിന്ന് രക്ഷപെടുന്ന സ്ഥിതിയാണ്.
ബാലശിക്ഷാ നിയമത്തിന്റെ ആനുകൂല്യം മുതലെടുത്ത് പ്രതിയെ പരമാവധി ശിക്ഷ ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കരുതെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി പരാമര്‍ശം വന്നിരിക്കുന്നത്. അതേസമയം ബലാത്സംഗ വിരുദ്ധ നിയമം അടുത്ത ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞു. വര്‍മ്മ കമ്മിറ്റിയുടെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: