പള്ളുരുത്തി: സേവന- വേതനവ്യവസ്ഥകള്‍ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ്യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിലും, കൊച്ചിതുറമുഖത്തും പ്രവര്‍ത്തിക്കാത്ത ടെര്‍മിനലിലും, കൊച്ചിതുറമുഖത്തും പ്രവര്‍ത്തിക്കുന്ന ട്രെയ്ലര് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കുന്നതിന് ഇന്നലെ കളക്ടറുടെ ക്യാമ്പ് ഓഫിസില്‍ വിളിച്ച് ചേര്‍ത്ത യോഗം അലസിപ്പിരിഞ്ഞതിനെതുടര്ന്നാണ് പണിമുടക്കുമായി മുന്നോട്ട്പോകുവാന്‍ ട്രെഡ്യൂണിയന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തിരുമാനിച്ചത്.
കഴിഞ്ഞ മാസം 17ന് നടന്ന ചര്‍ച്ചയില്‍ തിരുമാനമായ കാര്യങ്ങളില്‍ നിന്ന് ട്രെയ്ലര് ഉടമകള്‍ പിന്നോക്കം പോയതാണ് പണിമുടക്കിന് കാരണ മായതെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു. ഡ്രൈവര്‍ക്ക് 11 ശതമാനവും, ക്ലീനര്‍ക്ക് അഞ്ചരശതമാനവും വേതനം വര്‍ദ്ധിപ്പിക്കണമെന്നാണ് ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അംഗികരിക്കാന്‍ ട്രെയിലര്‍ ഉടമ സംഘടന തയ്യാറായില്ല. നിലവിലെ അവസ്ഥ തുടരട്ടെയെന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരിതിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രേഡ്യൂണിയനുകളെ പ്രതിനിധികരിച്ച് പി.എസ്.ആഷിക്ക് ചാള്‍സ് ജോര്‍ജ്, ടി.കെ.ഷബിബ്, ബി.ഹംസ, എം.ജമാല്‍കുഞ്ഞ്, കെ.ജെ.മാക്സി, തോമസ് സെബാസ്റ്റ്യന്‍, പ്രസാദ്, സജി തുരുത്തിമേല്‍, രഘുനാഥ് പനവേലി, ആര്.രഘുരാജ് എന്നിവരും ട്രെയ്ലര് ഉടമകളെ പ്രതിനിധികരിച്ച് എം.എസ്.സാബു, സജിത്ത്, ഗില്‍ബര്‍ട്ട്, ടി.കെ.അഷറഫ്, ജെ.എച്ച്.ലത്തീഫ്, നാരായണന് എന്നിവരും ജില്ലാ ലേബര്‍ ഓഫീസര്‍ നമ്പൂതിരിയും പങ്കെടുത്തു. പണിമുടക്കുന്ന തൊഴിലാളികള്‍ ഇന്ന് രാവിലെ ബോള്‍ഗാട്ടിയില്‍ നിന്ന് വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: