കൊച്ചി: മനുഷ്യ മനസ്സിന്റെ ശാസ്ത്രമാണ് ഭാഗവതം മറ്റൊരു ബൗദ്ധിക ശാസ്ത്രവും കണ്ടെത്താത്ത മനുഷ്യ മനസ്സിനെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും കണ്ടെത്തിയ രഹസ്യങ്ങളാണ് ഭാഗവതത്തിന്റെ ഉള്ളടക്കമെന്നും സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. സുകൃതം ഭാഗവത സപ്താഹയജ്ഞത്തിന്റെ രണ്ടാം ദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഇന്നത്തെ വിദ്യാഭ്യാസത്തിന് പറ്റിയ വീഴ്ച്ചയും, മനസ്സിനെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്. സ്നേഹം എന്ന വികാരം ജ്വലിപ്പിക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസ രീതിയ്ക്കോ, മതചിന്തകള്ക്കോ സാധിച്ചില്ല. മനസ്സിനെ പരിവര്‍ത്തനം ചെയ്യുവാന്‍ ഉതകുന്ന സ്നേഹം എന്ന വികാരത്തെ ഉണര്‍ത്തുന്ന പാഠ്യ, ധ്യാന, വേദ ചിന്തകള്‍ക്ക് പ്രാധാന്യം നല്കാന് നാം ശ്രദ്ധിക്കണം. ഇവിടെയാണ് ഭാഗവതത്തിന്റെ കാലപ്രസക്തി. മനസ്സിന്റെ അസ്വസ്ഥതകള്‍ക്കു കാരണമായ ഭയം, ദു:ഖം എന്നീ അസ്വസ്ഥതകളെ എങ്ങനെയാണ് തരണം ചെയ്യേണ്ടത് എന്ന് ഭാഗവതം നമ്മെ വഴികാട്ടിത്തരുന്നു.
അതുകൊണ്ടുതന്നെ ഭാഗവതത്തിലെ കഥാപാത്രങ്ങള്‍ ഒരു ചരിത്രത്തിന്റെ ഭാഗമല്ല മറിച്ച് എന്നും ജീവിക്കുന്ന പ്രതീകങ്ങളാണ്. മനസ്സിനെ കീഴ്പ്പെടുത്താന്‍ ചുറ്റുപാടുള്ള ചില ദുഷ്ട ശക്തികള്‍ക്കു സാധിക്കുമെങ്കില്‍ അതേ മനസ്സിനെ ഉയര്‍ത്താന്‍ നല്ല ചിന്തകള്‍ ഉള്ളവരുമായിട്ടുള്ള സംസര്‍ഗത്തിലൂടെ സാധിക്കുമെന്ന് ശ്രീകൃഷ്ണ,അര്‍ജ്ജുന ബന്ധത്തിലൂടെ കാണാന്‍ നമുക്ക് സാധിക്കും. ശ്രീകൃഷ്ണന് എന്നത് ഒരു ദൈവമല്ല, മറിച്ച് നല്ല മനസ്സിന്റെ ഉടമയായിട്ടാണ് നാം കാണേണ്ടത്. ഇതിന് വേദിയൊരുക്കകയാണ് സുകൃതം ഭാഗവത യജ്ഞം. കുന്തീ സ്തുതി, ഭീഷ്മ സ്തുതി,വിദുര-ഉദ്ധവ സംവാദം, വരാഹാവതാരം എന്നീ ഭാഗങ്ങളെ ഉദ്ധരിച്ച് സ്വാമി ഉദിത് ചൈതന്യ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.
രാഹുല്‍ ഈശ്വറിന്റെ പ്രഭാഷണവും ഇന്നലെ നടന്നു. രാവിലെ സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ ധ്യാനവും തുടര്‍ന്ന് വിഷ്ണു സഹസ്രനാമ പാരായണവും പ്രഭാഷണവും നടന്നു. വൈകിട്ട് വനമാലി പൂണിത്തുറ അവതരിപ്പിച്ച അഷ്ടപദിയും യജ്ഞ വേദിയില്‍ അരങ്ങേറി. പ്രസാദ ഊട്ടും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: