മുംബൈ: ബോംബെ ഹൈക്കോടതി രേഖകള്‍ ഹൈടെക് ഡിജിറ്റല്‍ സംവിധാനത്തിലേക്ക്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വളരെ വേഗം അറിയാന്‍ കഴിയും. ഇതുമൂലം സമയലാഭവും സുതാര്യതയും കൈവരിക്കുന്നു. ഒരുമിനിറ്റില്‍ 120-160 പേജുകള്‍ സ്കാന്‍ ചെയ്യാന്‍ കഴിയുന്ന യന്ത്രം കോടതിയില്‍ സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടെ സത്യവാങ്മൂലങ്ങള്‍ ആധാരങ്ങള്‍ മറ്റ് വിധിന്യായ വിവരങ്ങള്‍ എന്നിവ ഒറ്റ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തന്നെ ആവശ്യക്കാര്‍ക്ക് അറിയാന്‍ കഴിയും.
ഹൈക്കോടതിയുടെ താഴത്തെ നിലയിലാണ് ഹൈടെക് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇ-ഫയലിംഗ് വരുന്നതോടെ നിയമസംഹിതകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് അറിയാന്‍ കഴിയുക. മുംബൈയില്‍ സ്ഥാപിച്ചത് രാജ്യത്തെ ഒന്നാമത്തെ ഇ-ഫയലിംഗ് സംവിധാനമാണ്. ഹൈടെക് സംവിധാനം വരുന്നതോടെ നിയമരംഗം കൂടുതല്‍ സുതാര്യമാകും. ദല്‍ഹി ഹൈക്കോടതിയാണ് ഇ-ഫയലിങ്ങിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയത്. ശേഷം മുംബൈ ഹൈക്കോടതിയും ഹൈടെക് സംവിധാനത്തിലേക്ക് എത്തുകയായിരുന്നു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് 1.75 കോടി രൂപയാണ് ഹൈടെക് ഡിജിറ്റല്സിനുവേണ്ടി അനുവദിച്ചിരിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ & ടെക്നോളജി സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. താമസിയാതെ മഹാരാഷ്ട്ര മന്ത്രാലയത്തിലും ഹൈടെക് സംവിധാനം പ്രവര്‍ത്തിക്കുമെന്ന് രാജേഷ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: