ഏത് ജോലി ചെയ്യണമെങ്കിലും ഏകാഗ്രത വേണ്ടേ? ലൗകികമോ ആദ്ധ്യാത്മികമോ പ്രയാസമുള്ളതോ അല്ലാത്തതോ, കായികമോ, മാനസികമോ ആയ ഏത് ജോലിയും വിജയിക്കണമെങ്കില്‍ ഏകാഗ്രത കൂടിയേ കഴിയൂ. ഏകാഗ്രതയുണ്ടായാല്‍ മനസില്‍ ഉണ്ടാകുന്ന പലതരം ചിന്താപ്രവാഹങ്ങള്‍ അടങ്ങും. ചിന്തകള്‍ അടങ്ങിയാല്‍ മനസ്സടങ്ങി. മനസ്സിന്റെ ആ നിശ്ചലതയ്ക്ക് കാരണം സ്നേഹമാണ്. തന്റെ പരീക്ഷണ വിഷയത്തോടുള്ള ആഭിമുഖ്യമാണ് ശാസ്ത്രജ്ഞനെ കര്‍മനിരതനാക്കുന്നത്. അതിനെ താല്പര്യമെന്നോ, ആത്മാര്‍ത്ഥതയെന്നോ ഒക്കെ പറഞ്ഞാലും അതെല്ലാം സ്നേഹത്തിന്റെ തന്നെ വിവിധ ഭാവങ്ങളല്ലേ. പ്രേമമില്ലാതെ ആത്മാര്‍ത്ഥതയോ, തീവ്രമായ അഭിലാഷമോ, താല്പര്യം തന്നെയോ ഉണ്ടാകുമോ? ശരിയല്ലേ?
“അമ്മേ, അങ്ങനെയാണെങ്കില്‍പ്പിന്നെ ബുദ്ധിയും ഹൃദയവും തമ്മില്‍ എന്താ ഒരു വ്യത്യാസം? രണ്ടും ഏതാണ്ട് ഒന്നുതന്നെയല്ലേ?”
“പരമമായ അര്‍ത്ഥത്തില്‍ അത് ശരിതന്നെ. എന്നാല്‍, അജ്ഞതയില്‍ കഴിയുന്ന നമുക്കിപ്പോള്‍ അവ രണ്ടും ഒന്നെന്ന് കാണാന്‍ കഴിയില്ല. നമ്മളിപ്പോള്‍ ആ അദ്വൈതതലത്തിലെത്തിയിട്ടില്ല. ആ ഏകത്വബോധം നമുക്കിപ്പോഴില്ല. ഇപ്പോഴത്തെ ഈ നാനാത്വലോകത്തില്‍, വാക്കുകളും ആശയങ്ങളും അവ തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. അതുകൊണ്ടിങ്ങനെ പറയേണ്ടിവരുന്നു. ആ നാനാത്വബോധം പോയാല്‍പ്പിന്നെ സ്നേഹം, ആ ദിവ്യസ്നേഹം മാത്രമേ അവശേഷിക്കൂ. ഈ വിശദീകരണങ്ങളുടെയും വാക്കുകളുടെയും എല്ലാം താല്പര്യം സത്യം അനുഭവമൊന്നുകൊണ്ടേ അറിയാന്‍ കഴിയൂ. അല്ലാതെ വിവരണങ്ങള്കൊണ്ടൊന്നും കഴിയില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ്.”
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: