ബമാക്കോ: ഇസ്ലാമിക ഭീകരര്‍ക്കെതിരെയുള്ള സൈനീക നടപടിക്കിടെ മാലിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാണ്ടെയുടെ സന്ദര്‍ശനം. ഭീകരതയ്ക്കെതിരായ ഫ്രഞ്ച്- മാലി സംയുക്ത നടപടി ഏറെക്കുറെ വിജയത്തിലെത്തിയ പശ്ചാത്തലത്തില്‍ ഹൊളാണ്ടെയ്ക്ക് തദ്ദേശീയര്‍ വന്‍വരവേല്‍പ്പു നല്കി.
ഭീകരവിരുദ്ധ പോരാട്ടം പൂര്‍ണമാകുംവരെ ഫ്രഞ്ച് സൈന്യം മാലിക്കൊപ്പമുണ്ടാവുമെന്ന് ഹൊളാണ്ടെ വ്യക്തമാക്കി. ഭീകരരെ പിന്നോട്ടടിച്ചുകഴിഞ്ഞു. എന്നാല്‍ പൂര്‍ണമായി പരാജയപ്പെടുത്താനായിട്ടില്ല. ആവശ്യമുള്ളടത്തോളംകാലം ഫ്രാന്‍സ് മാലിക്കൊപ്പമുണ്ടാവും. മാലിക്കു കാര്യങ്ങള്‍ സ്വന്തംനിലയില്‍ കൈ കാര്യം ചെയ്യാന്‍ കഴിയുന്നതുവരെ ഇവിടെ തുടരും – ഹൊളാണ്ടെ പറഞ്ഞു.
നേരത്തെ, തിംബുക്കു നഗരത്തിലെത്തിയ ഹൊളാണ്ടെയ്ക്ക് ആയിരക്കണക്കിന് ആളുകള്‍ അഭിവാദ്യമര്‍പ്പിച്ചു. മാലിയിലെ ഇടക്കാല പ്രസിഡന്റ് ഡയണ്കൗണ്ട ട്രയോറെയും ഹൊളാണ്ടെയ്ക്കൊപ്പമുണ്ടായിരുന്നു. ഫ്രഞ്ച് സൈന്യത്തിനും ഹൊളാണ്ടെയ്ക്കും ട്രയോറെ നന്ദി പറഞ്ഞു. തിംബുക്കുവിലെ എഴുന്നൂറു വര്‍ഷം പഴക്കമുള്ള പള്ളിയും പുരാലിഖിതങ്ങളുടെ സംരക്ഷിത സ്ഥാനമായിരുന്ന അഹമ്മദ് ബാബ ലൈബ്രറിയും ഹൊളാണ്ടെ നേരില്‍ക്കണ്ടു.
ഭീകരരുടെ ആക്രമണത്തില്‍ തകര്‍ന്ന പള്ളിയും ലൈബ്രറിയും പുനര്‍ നിര്‍മിക്കാന്‍ എല്ലാവിധ സഹായങ്ങളും ഫ്രഞ്ച് പ്രസിഡന്റ് വാഗ്ദാനം ചെയ്തു. 2012 ജനുവരിയിലാണ് വടക്കന്‍ മാലിയിലെ മുസ്ലീം ഭീകരര്‍ ഭരണകൂടത്തിനെതിരെ കലാപം ആരംഭിച്ചത്. അസവാദ് മേഖലയെ മാലിയില്‍ നിന്നു വേര്പ്പെടുത്തുകയയായിരുന്നു അവരുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ജനുവരി11നു മാലി സൈന്യത്തെ സഹായിക്കാന്‍ ഫ്രാന്‍സ് രംഗത്തെത്തി. തുടര്‍ന്നു തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്നു ഭീകരര്‍ക്കു പിന്തിരിഞ്ഞോടേണ്ടിവന്നു.
അവസാനംവരെ കൈവശംവച്ചിരുന്ന കിടാല്‍ നഗരവും കഴിഞ്ഞ ദിവസം മാലി സൈന്യം പിടിച്ചെടുത്തതോടെ ഭീകരരുടെ ചെറുത്തു നില്പ്പിന് ഏറെക്കുറെ അന്ത്യം കുറിക്കപ്പെട്ടു. ഒരുവര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ 3,77,000 പേര് ഭവനരഹിതരായെന്നാണു യു.എന്നിന്റെ കണക്കുകള്‍. ഇതില്‍ ഒന്നര ലക്ഷം പേര് മാലി അതിര്‍ത്തിയില്‍ അഭയാര്‍ഥികളായി. ഇവരുടെ പുനരധിവാസമാവും ഇനി അധികാരത്തില്‍ എത്തുന്ന മാലി സര്‍ക്കാരിന്റെ പ്രധാന ദൗത്യം.
കൂടാതെ അപമാനിതരായ ഭീകരര്‍ ഗറില്ലാ യുദ്ധമുറകള്‍ സ്വീകരിക്കുമോയെന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് സൈന്യത്തെ കുറച്ചു കാലംകൂടി മാലിയില്‍ നിലനിര്‍ത്താനുള്ള ഹൊളാണ്ടെയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: