ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതികളോടെ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ വനിതാ സംഘടനകള്‍. പ്രതികള്‍ക്കെതിരെ ജസ്റ്റിസ് വര്‍മ്മ കമ്മറ്റി ശുപാര്‍ശ ചെയ്ത ശുപാര്‍ശകളില്‍ മിക്കവയും തഴഞ്ഞാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്ന് വനിതാസംഘടനകള്‍ ആരോപിച്ചു. വിവാഹബന്ധത്തിന്റെ പരിധിക്കുള്ളില്‍ നടക്കുന്ന മാനഭംഗങ്ങള്‍, ലൈംഗികക്കേസില്പ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുക, സായുധസേനയുടെ പ്രത്യേകാവകാശങ്ങള്‍ പുനരവലോകനം ചെയ്യുക തുടങ്ങിയ നിര്‍ണ്ണായകമായ പല ശുപാര്‍ശകളും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.
ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് വിവിധ സംഘടനകളുടെ കൂട്ടായ്മ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് നടപ്പാക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് ക്ഷീണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം തടയാന്‍ ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ ഉള്‍പ്പെടെ പ്രക്ഷോഭം നടത്തിയ ആയിരക്കണക്കിനാളുകളെ അപമാനിക്കുന്നതാണ് ഇത്തരത്തിലൊരു ഓര്‍ഡിനന്‍സെന്ന് മനുഷ്യാവകാശപ്രവര്‍ത്തകയും അഭിഭാഷകയുമായ വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഓര്‍ഡിനന്‍സ് അന്തിമമല്ലെന്നും ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്.കെ.സിംഗ് പറഞ്ഞു. വര്‍മ്മ കമ്മറ്റിയുടെ എല്ലാ ശുപാര്‍ശകളും സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച ചെയ്യുമെന്നും പ്രാധാന്യമര്‍ഹിക്കുന്നവ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്കി. കൂട്ടബലാത്സംഗത്തിനിരയായ ദല്‍ഹി പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ജസ്റ്റിസ് വര്‍മ്മ അധ്യക്ഷനായ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം എന്നിവ ഭേദഗതി ചെയ്താണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയത്. ബലാത്സംഗം എന്ന വാക്കിന് പകരം ലൈംഗികാതിക്രമം എന്ന വാക്കാണ് ഓര്‍ഡിനന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കും. ബലാത്സംഗക്കേസുകളില്‍ 20 വര്‍ഷം വരെ തടവ് ശിക്ഷയും ബലാത്സംഗത്തില്‍ മാരകമായ പരിക്കേല്‍പ്പിച്ചാല്‍ മരണം വരെ തടവും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. കൂട്ട ബലാത്സംഗത്തിനും മരണം വരെയാണ് തടവു ശിക്ഷ. സ്ത്രീകള്‍ക്കെതിരെ ആസിഡാക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിക്ക് ശുപാര്‍ശയുണ്ട്. ഇവര്‍ക്ക് പത്ത് വര്‍ഷം തടവും പരമാവധി ജീവപര്യന്തവും ലഭിക്കും. രാഷ്ട്രപതി ഒപ്പ് വച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെയാണ് ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: