ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരായ അന്വേഷണം വീണ്ടും വേണമെന്ന ആവശ്യം ഉയരുമ്പോള്‍ വെട്ടിലാകുന്നത് കോണ്‍ഗ്രസ്. കേസില്‍ കുര്യന് പങ്കുണ്ടെന്ന് സാഹചര്യ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഒഴിവാക്കപ്പെടുകയായിരുന്നു. തന്നെ പീഡിപ്പിച്ചവരില്‍ കുര്യനുമുണ്ടെന്ന് പീഡനത്തിനിരയായ കുട്ടി ആവര്‍ത്തിച്ച വ്യക്തമാക്കുകയും കേസുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കുര്യനെ വീണ്ടും രാജ്യസഭയിലെത്തിച്ച് ഉപാദ്ധ്യക്ഷനാക്കിയ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വമാണ് വെട്ടിലാകുന്നത്.
ഈ മാസം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമായി കുര്യന് കേസ് ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ദല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച വന്നപ്പോള്‍ സഭ നിയന്ത്രിച്ചത് കുര്യനായിരുന്നു. ചര്‍ച്ചാ വേളയില്‍ കുര്യന്റെ നിലപാടുകള്‍ പ്രതിപക്ഷ എതിര്‍പ്പിന് കാരണമായിരുന്നു.
കുറ്റബോധം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു അന്ന് കുര്യന് സഭയില്‍ പെരുമാറിയത്. അംഗങ്ങള്‍ക്ക് അധികസമയം നല്‍കാതെയും ഇടയ്ക്ക് പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്ത കുര്യന്റെ നിലപാടിനോട് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രസംഗിക്കാന്‍ എഴുന്നേറ്റ ജയാബച്ചനെ സംസാരിക്കാന്‍ അനുവദിക്കാത്തതിന്റെപേരില് ബഹളവുമുണ്ടായി. ഈപശ്ചാത്തലത്തില്‍ അടുത്തുതന്നെ സഭ സമ്മേളിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ കുര്യന് വിഷമിക്കും. കുമളി ഗസ്തൗസില്വെച്ച് പി.ജെ. കുര്യന് തന്നെ ബലാത്സംഗം ചെയ്തതായി കേസിന്റെ അന്വേഷണഘട്ടത്തില്‍ പെണ്‍കുട്ടി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
എന്നാല്‍ പോലീസ് കുര്യനെ കേസില്‍ പ്രതിചേര്‍ക്കാതെ രക്ഷപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. പിന്നീട് പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍, കുര്യനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സ്വകാര്യഹര്‍ജി ഫയല്‍ ചെയ്തു. കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കുര്യനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. കോടതി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുര്യന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹൈകോടതി ഹര്‍ജി തള്ളിയപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചു.
സുപ്രീംകോടതി കുര്യന് അനുകൂലമായ വിധി നല്‍കിയതോടെയാണ് കേസില്‍നിന്ന് കുര്യന് രക്ഷപ്പെട്ടത്. പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി കുര്യന്റെ ഹര്‍ജി അനുവദിച്ചത്.സാങ്കേതികതയുടെ മറവിലാണ് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് അടക്കമുള്ള ബെഞ്ച് പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയത്. സംഭവം പുറത്തുവന്ന് മൂന്നു വര്‍ഷം കഴിഞ്ഞാണ് ഇരയായ പെണ്‍കുട്ടി സ്വകാര്യ അന്യായം ഫയല്‍ ചെയ്തതെന്നും ഇത് നിയമപരമായി അംഗീകരിക്കാന്‍ കഴിയുകയില്ല എന്നുമാണ് കുര്യനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.എന്തുകൊണ്ട് ഈ കാലതാമസം ഉണ്ടായി എന്നു ചിന്തിക്കാന്‍ കോടതി തയ്യാറായതുമില്ല.
സൂര്യനെല്ലി പീഡനക്കേസിന്റെ പോലീസ് അന്വേഷണം നടക്കുന്ന സമയമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയ ഈ മൂന്നുവര്‍ഷം. സ്വാഭാവികമായും പോലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കും എന്നായിരിക്കുമല്ലോ ഇരയും ബന്ധുക്കളും വിശ്വസിച്ചിരിക്കുക. ആ വിശ്വാസം തകര്‍ക്കുന്ന നിലയില്അന്വേഷണത്തില് ഇടപെട്ട് തെളിവുകള്‍ അട്ടിമറിച്ചു എന്നു ബോധ്യപ്പെട്ടപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പീരുമേട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഇതില്‍ പി.ജെ. കുര്യന് എത്ര നീചവും വികൃതവുമായ രീതിയിലാണ് തന്നെ ലൈംഗികമായി മുതലെടുത്തതെന്ന് പച്ചയായി വിവരിച്ചിട്ടുണ്ടായിരുന്നു. ഈ സാക്ഷിമൊഴി വിശ്വസിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്ക് മനസില്ലാതെ പോയപ്പോഴാണ് കുര്യന്കുറ്റവിമുക്തനാക്കപ്പെട്ടത്.
കുര്യനെതിരെ വീണ്ടും അന്വേഷണം വേണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം കോടതിക്ക് പരിഗണിക്കാനാകും. പ്രത്യേകിച്ച് ഇത്തരം കേസുകളെ സംബന്ധിച്ചുള്ള പുതിയ സാഹചര്യത്തില്‍. പുനരന്വേഷണത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കിയാല് രാജ്യസഭാ ഉപാദ്ധ്യക്ഷനെന്ന പദവിയില്‍ നിന്നും കുര്യന് മാറേണ്ടി വരും. സൂര്യനെല്ലിക്കേസിലെ മറ്റു പ്രതികളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ കുര്യനെ അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പരിഗണിച്ചെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.
കുര്യനെ ഒഴിവാക്കാനായി തെളിവുകള്‍ ശേഖരിക്കാനായിരുന്നു പൊലീസ് തുടക്കം മുതല്‍ ശ്രമിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജനാര്‍ദ്ദനക്കുറുപ്പ് പരസ്യമാക്കിയിരുന്നതാണ്. കുര്യനെ പ്രതിയാക്കാന്‍ സാക്ഷിമൊഴികളും സാഹചര്യതെളിവുകളും ഉണ്ടായിരുന്നിട്ടും അതൊന്നും കാര്യമായി പരിഗണിച്ചിരുന്നില്ല.
1996 ഫെബ്രുവരി 19ന് കുമളി പഞ്ചായത്ത് ഗസ്റ്റ് ഹൗസില്‍ വച്ച് കുര്യന് തന്നെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഈ തീയ്യതിയില്‍ കുര്യന് കോട്ടയത്തായിരുന്നുവെന്ന് രേഖകളുണ്ടാക്കിയാണ് പീഡനം നടന്നിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടാക്കിയത്. പുതുപ്പള്ളിയില്‍ എസ്എന്‍ഡിപിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിയായിരുന്ന കുര്യന് 18ന് എത്തിയിരുന്നു. ജോസഫ് എം.പുതുശ്ശേരിക്കൊപ്പമെത്തിയ കുര്യന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ജേക്കബ് സ്റ്റീഫനോടൊപ്പമാണ് തിരിച്ചു പോയത്.
ഇരുവരേയും സംഘാടകര്‍ പരിപാടിക്ക് ക്ഷണിച്ചിരുന്നുമില്ല. ജേക്കബ് സ്റ്റീഫന്‍ സൂര്യനെല്ലിക്കേസില്‍ പ്രതിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. കുര്യന്റെ ഈ യാത്രാ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നെങ്കിലും കൂടുതല്‍ അന്വേഷണം നടത്തിയില്ല. കുമളി ഗസ്റ്റ് ഹൗസ് എന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും നാട്ടകം ഗസ്റ്റ് ഹൗസില്‍ വെച്ചാകാം പീഡനം എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യത്തിലും കാര്യമായ അന്വേഷണമുണ്ടായില്ല. കുര്യനെ രക്ഷിക്കാനായിരുന്നു ഇതെല്ലാമെന്ന് സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: