പാരമ്പര്യ ക്ഷേത്രകലകളുടെ പരമാചാര്യന് തൃക്കാമ്പുറം കൃഷ്ണന്കുട്ടിമാരാര് വാക്സാമര്‍ത്ഥ്യവും വാദ്യസൗന്ദര്യവും വേറിട്ട അനുഭവമാണ്. ഈ വിഷയത്തിന്റെ അവസാനവാക്കായ കൃഷ്ണന്കുട്ടിമാരാര് രാമമംഗലം ശൈലിയുടെ ശക്തനായ പ്രയോക്താവായിരുന്നു. പഞ്ചവാദ്യം, സോപാനസംഗീതം തുടങ്ങിയവയില്‍ തനതായ വ്യക്തിമുദ്ര കൊത്തിയിരുന്നു. ധിണാശക്തിയാല് എന്നും ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. വാദ്യരംഗത്ത് അത്യുന്നതനാണെങ്കിലും കൊട്ടുന്നപോലെതന്നെ അതിനെപ്പറ്റി പറയാനും ഉള്ള കഴിവ് വേറെ ആര്‍ക്കുമില്ല. ഇത് വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് ഏറെ ഗുണപ്രദമായിരുന്നു. സംശയങ്ങള്‍ക്ക് തീര്‍പ്പ് കല്പ്പിക്കാന്, സോദാഹരണ പ്രഭാഷണങ്ങള്‍ എന്നിവയില്‍ അഗ്രേസരനായിരുന്നു.
നിലനിന്നിരുന്ന ഒട്ടേറെ കലാകാരന്മാര്ക്കൊപ്പം നിന്ന് പരിചയം സിദ്ധിച്ച ഇദ്ദേഹം പ്രവര്‍ത്തിച്ച ഓരോ വേദിയും ഓര്‍ത്തുവെച്ചിരുന്നു. പതിനഞ്ച് വയസിനുശേഷം പുറംനാടുകളില്‍ പ്രവര്‍ത്തിച്ച കാലം മുതല്‍ അടുത്തകാലം വരെ പങ്കെടുത്ത ചടങ്ങിലെവരെ ആചാര്യന്മാരില്നിന്നും വന്ന ഓരോ വാക്കും പ്രവൃത്തിയും മായാതെ മനസില്‍ നിറച്ചിരുന്നു. വലിയവരെപ്പോലെ ചെറിയവരേയും ബഹുമാനിക്കാനും അവരുടെ പ്രയോഗസവിശേഷതകളെ ശ്രദ്ധിക്കാനും തൃക്കാമ്പുറം മനസ്സുവെച്ചു.
ചോറ്റാനിക്കര നാരായണമാരാര്‍ക്കൊപ്പം നിരവധി വേദികളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. തീപ്പൊരി വാദത്തിന്റെ വഴിയിലായിരുന്നു ഇരുവരുടേയും യാത്ര. അതിനാല്‍ മഹാരഥന്മാരുടെ പഞ്ചവാദ്യത്തിന് ഇവരുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരുന്നു. പത്ത് രൂപ പന്ത്രണ്ട് രൂപ പ്രതിഫലം കിട്ടുന്ന കാലത്ത് നെന്മാറ വേലക്കു പോയി കനത്ത പ്രതിഫലം നേടിയ കഥ ചോറ്റാനിക്കര പറയാറുണ്ട്. ‘അന്ന് ഇരുപത്തഞ്ച് രൂപ എനിക്കും’ നിന്ന നില്‍പ്പില്‍നിന്ന് ചാടിത്തുള്ളി ജീവിതത്തിലെ മറക്കാത്ത അനുഭവമായി ഇവര്‍ പറയുമായിരുന്നു.
വാദ്യകലയുടെ അവതരണത്തിനായി തെക്കും വടക്കുമുള്ള എല്ലാ വേദികളിലും തൃക്കാമ്പുറം ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. ഷഡ്കാല ഗോവിന്ദമാരാരുടെ സ്മരണ നിലനിര്‍ത്താന്‍ ഏറെ യത്നിച്ച മാരാര്‍ വാദ്യരംഗത്ത് അരങ്ങേറിയതിന്റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചയാളാണ്. എറണാകുളം ജില്ലയുടെ കിഴക്കേ അതിരായ രാമമംഗലത്തെ ആചാര്യ പരമ്പരയിലെ അവസാനകണ്ണിയായിരുന്നു. ഒട്ടേറെ ശിഷ്യന്മാര് പല മേഖലയിലും ഇദ്ദേഹത്തിനുണ്ട്.
രാമമംഗലത്തിന്റെ കൈമുതലായ കുടുക്ക വീണയെ പൊതുരംഗത്ത് ഉയര്‍ത്തിയെടുത്തു. അതിന്റെ നിലനില്‍പ്പിന് ശിഷ്യരെ വാര്‍ത്തെടുത്തിരുന്നു. ഊരമന രാജേന്ദ്രന്, പി.ഡി. നമ്പൂതിരി തുടങ്ങിയവര്‍ ഈ ഉപകരണം വായിക്കാന്‍ അറിയാവുന്ന ശി ഷ്യരാണ്.
സരസമായ സംഭാഷണചാതുരിയും വിനീതനുമായിരുന്ന മാരാര്‍ കഥകളി അരങ്ങിലും പങ്കെടുത്ത സംഭവമുണ്ടായിട്ടുണ്ട്. വാദ്യരംഗത്തെ പ്രയോഗവൈവിധ്യത്തെ ബഹുമാനിച്ച് ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. ഭാഗ്യവാനും കൂടി ആയ മാരാര്‍ക്ക് എന്നും തിരക്കുതന്നെയായിരുന്നു. ശിഷ്യനായ പി.ഡി. നമ്പൂതിരിയുടെ അറുപതാം പിറന്നാളിലും എറണാകുളം ശിവക്ഷേത്രത്തിലെ സ്വീകരണയോഗത്തിലുമാണ് ഇദ്ദേഹം ഒടുവില്‍ പങ്കെടുത്തത്.
കലാകേരളത്തിലെ ഒട്ടേറെ സഹൃദയരുടെ ആദരവ് നേടുകയും അവരോടും നിരവധി അനുഭവങ്ങള്പങ്കുവെച്ചതിന്റെ സ്മരണ പലര്‍ക്കും ബാക്കിവെച്ചു. പഴമയില്‍ കുതിര്‍ന്ന പാരമ്പര്യഗീതമായ അഷ്ടപദിയുടെ ശീലുകള്‍ കാതില്നിറഞ്ഞ് നില്ക്കുന്നു എന്ന തോന്നല്‍ പലര്‍ക്കും വരുന്നു. വീറും വാശിയും നിറഞ്ഞ തിമിലവാദനവും നാലമ്പലവട്ടത്ത് ശംഖനാദത്തിനൊപ്പം ഉയര്‍ന്നുകേള്‍ക്കുന്നു. ദേവലോകം പൂകിയ ആചാര്യന് സാഷ്ടാംഗപ്രണാമം.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: