ന്യൂദല്‍ഹി: കമല്ഹാസന് സംവിധാനം നിര്‍വഹിച്ച വിശ്വരൂപത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തെ തുടര്‍ന്ന് സിനിമാട്ടോഗ്രാഫ് നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കുന്നത് ഉറപ്പ് വരുത്തുകയെന്നതാണ് ഈ നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി മനീഷ് തിവാരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
സെന്‍സര്‍ബോര്‍ഡ് ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്കിയാല് ആ തീരുമാനത്തില്‍ ഇടപെടുന്നതിനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുകളയാനാണ് കേന്ദ്രം ആലോചിക്കുന്നത്. അതല്ലെങ്കില്‍ ഓരോ സംസ്ഥാനത്തിനും അവരുടേതായ സെന്‍സര്‍ ബോര്‍ഡ് വേണമെന്നും തിവാരിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. സിനിമാട്ടോഗ്രാഫ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സമയമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമ ഭേദഗതി സംബന്ധിച്ച് പഠിക്കുന്നതിന് പുതിയ കമ്മറ്റിയെ നിയമിക്കാനും വാര്‍ത്താ വിനിമയ വകുപ്പ് തീരുമാനിച്ചതായാണ് അറിയുന്നത്.
ഒരു ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിശ്വരൂപത്തെ പറ്റി അഭിപ്രായം പറയുന്നതില്‍ നിന്നും തിവാരി അകന്നുനിന്നു.
അതേസമയം വിശ്വരൂപത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ വ്യക്തി താല്പര്യമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. ക്രമസമാധാന നില തകരുമെന്നുള്ള ഭയമാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമെന്നും അവര്‍ പറഞ്ഞു. കമല്‍ഹാസനും മുസ്ലീം സംഘടനാനേതാക്കളും ഒരുമിച്ചിരുന്ന് പ്രശ്നത്തിന് അനുകൂലമായ പരിഹാരം കണ്ടെത്തിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും അതിന് വേണ്ട നടപടികള്‍ സുഗമമാക്കാമെന്നും ജയലളിത പറഞ്ഞു. വിശ്വരൂപം വിവാദമായ ശേഷം ജയലളിത ആദ്യമായാണ് ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത്.
വിശ്വരൂപത്തിനെതിരെ 24 മുസ്ലീം സംഘടനകളാണ് പരാതി നല്‍കിയതെന്നും ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ അക്രമം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായും മുഖ്യമന്ത്രിയെന്ന നിലയില്‍ ക്രമസമാധാനം ഉറപ്പ് വരുത്തുക തന്റെ കടമയാണെന്നും ജയലളിത പറഞ്ഞു. വിശ്വരൂപത്തിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ കമല്‍ സന്നദ്ധനാണെന്ന് ചില മുസ്ലീം നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു. കമല്‍ഹാസനെ ദ്രോഹിക്കണമെന്നോ അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേല് കടന്നേറ്റം നടത്തണമെന്നോ ഉദ്ദേശമില്ലെന്നും ജയലളിത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: