തിരുവനന്തപുരം: ഇന്ത്യയിലെ 800 ഓളം എഞ്ചിനീയറിംഗ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിവാഗ്ദാനം നല്കി എട്ട് കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു കുടുംബത്തിലെ രണ്ടുപേരെ അഞ്ച് വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി.കോട്ടയം കാരാപ്പുഴ അമ്പലക്കടവ് അറയ്ക്കല്‍ ഹൗസില്‍ കെ.ജയകൃഷ്ണന്(32), ഇയാളുടെ പിതാവ് കരുണാകരന്‍നായര്‍(72) എന്നിവരെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരും നേപ്പാളില്‍ സുന്‍സാരി ജില്ലയില്‍ ധാരന്‍ എന്ന സ്ഥലത്ത് ഒളിച്ചുപാര്‍ക്കുകയായിരുന്നു. ജയകൃഷ്ണന്, അര്ജുന്കൃഷ്ണന് എന്ന പേരിലാണ് നേപ്പാളില്‍ അറിയപ്പെട്ടിരുന്നത്. 2008ലാണ് ഇവര്‍ കുടുംബത്തോടൊപ്പം ബംഗാള്‍വഴി നേപ്പാളിലേക്ക് കടന്നത്.അവിടെ ആര്യന്‍സ് ലിമിറ്റഡ് എന്ന പേരില്‍ ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കച്ചവടം നടത്തി വരികയായിരുന്നു.വാറന്റ് കേസില്‍ നേരത്തെ കരുണാകരന് നായരെ സിബിഐ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് കേരള പോലീസ് മൊബൈല്‍ ഫോണ്‍വഴി നടത്തിയ അന്വേഷണത്തിലാണ് ജയകൃഷ്ണനും കുടുങ്ങിയത്. സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് എസി കെ.എസ്.സുരേഷ്കുമാര്‍, തമ്പാനൂര്‍ സിഐ ഷീന്‍ തറയില്‍, എസ്ഐ കെ.വി.രമണന്, സിപിഒമാരായ ശ്രീകുമാര്‍, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.പിതാവും മകനും ചേര്‍ന്ന് 2006 ല്‍ തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡില്‍ ആര്യന്‍സ് ഇന്ഫോവേ എന്ന സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പു നടത്തിയത്. എഞ്ചിനീയറിംഗ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇന്ത്യയ്ക്കകത്തും പുറത്തും ആറുമാസത്തിനകം ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നെറ്റ് വഴിയും പത്രങ്ങള്‍ വഴിയും പരസ്യം നല്‍കിയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്. ഒരുലക്ഷം രൂപാവീതം വാങ്ങിയശേഷം ഇവര്‍ കുടുംബത്തോടെ മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: