പനാജി: സര്‍ക്കാര്‍ ഉദ്യോഗം അഹന്ത കാട്ടുന്നതിനും അഴിമതിക്കു വിളക്കു തെളിക്കുന്നതിനുമുള്ള അധികാരസ്ഥാനമാണെന്നു കരുതുന്നവര്‍ക്കു ഗോവയില്‍ ചെന്നു നല്ലനടപ്പു പഠിക്കാം. നട്ടെല്ലുറപ്പുള്ള ഭരണകര്‍ത്താക്കള്‍ക്കു ഉദ്യോഗവൃന്ദത്തിന്റെ ധാര്‍ഷ്ട്യത്തിനു കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെന്നതിനു അവിടെ ദൃഷ്ടാന്തം ഒരുങ്ങുന്നു. മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്കു വിധേയരാക്കപ്പെട്ടത് 78 സര്‍ക്കാര്‍ ജീവനക്കാര്‍. അതില്‍ ഏറെപ്പേരും പോലീസുകാര്‍.
2012 മാര്‍ച്ചിലാണ് പരീക്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്നുമുതല്‍ ഇന്നുവരെ ഉദ്യോഗ ലോബിയെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചെന്നു കണക്കുകള്‍ തെളിയിക്കുന്നു. ഡി.എസ്.പിമാരായ ഷംബ സാവന്ത്, ചന്ദ്രകാന്ത് സല്‍ഗനോക്കര്‍ എന്നവരടക്കം പൊലീസിലെ വന്‍ തോക്കുകളാണു കുരുത്തക്കേടുകളുടെ പേരില്‍ സസ്പെന്‍ഷനിലായത്.
ജോലിസ്ഥലത്തെ ലൈംഗിക ചൂഷണ സാവന്തിന്റെയും നിയമം ലംഘിച്ചു ഖനനം നടത്തിയവര്‍ക്കു നല്കിയ പിന്തുണ ചന്ദ്രകാന്തിന്റെയും തൊപ്പിതെറിപ്പിച്ചു. ഇവരുടെ കീഴുദ്യോഗ്സ്ഥരായ 35പേരെയും കഴുത്തിനു പിടിച്ചു പുറത്താക്കി ബി.ജെ.പി സര്‍ക്കാര്‍. മയക്കുമരുന്നു ലോബിയുമായുള്ള ബന്ധത്തിന്റ പേരില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ക്കും പണിപോയി.
പൊലീസ് വകുപ്പ് കഴിഞ്ഞാല്‍ ഏറ്റവുമധികം പേര് നടപടിക്കു വിധേയരായത് ഖനി ഡിപ്പാര്‍ട്ട്മെന്റിലാണ്. ഡയറക്റ്റര്‍ ഒഫ് മൈന്‍സ് അരവിന്ദ് ലോലിന്കറടക്കം നിരവധിപേര്‍ ഇപ്പോള്‍ വീട്ടിലിരിപ്പാണ്. നിയമവിരുദ്ധമായി ഖനനം ചെയ്യുന്നവരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച ജസ്റ്റിസ് എം.ബി. ഷാ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: