പുനലൂര്‍: കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഇന്നലെ ഉച്ചയോടെ പോലീസ് നടത്തിയ റെയ്ഡില്‍ പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും ഉഗ്രശേഷിയുള്ള അഞ്ഞൂറുകിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടി.
ജില്ലയിലെ തന്നെ പത്തനാപുരം മാലൂരില്‍ പടക്കനിര്‍മ്മാണ കേന്ദ്രത്തിന് തീപിടിച്ച് മൂന്നുപേര്‍ മരിച്ചതിനെത്തുടര്‍ന്ന് പടക്കനിര്‍മാതാക്കളെല്ലാം താല്‍ക്കാലികമായി എങ്കിലും നിര്‍മ്മാണം കുറച്ചുവച്ചപ്പോഴും ഓടിനടന്ന് വെടിക്കെട്ട് നടത്തിവന്ന കോട്ടുക്കല്‍ ദേവദാസിന്റെ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുമാണ് ഉഗ്രശേഷിയുള്ള പടക്കനിര്‍മ്മാണ സാമഗ്രികളും മരുന്നും കണ്ടെത്തിയത്. മലനട വെടിക്കെട്ട് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട ആളാണ് കോട്ടുക്കല്‍ ദേവദാസ്. ഇതിനെത്തുടര്‍ന്ന് ദേവദാസിന്റെ നിര്‍മ്മാണ ലൈസന്‍സ് നഷ്ടപ്പെട്ടിരുന്നു. ഏറെനാളായി ലൈസന്‍സ് വീണ്ടെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ചെറിയ രീതിയില്‍ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സ് സമ്പാദിച്ചിരുന്നു. എന്നാല്‍ ദേവദാസിന്റെ മകന് മണികണ്ഠന് കടയ്ക്കലില്‍ ആറ്റിറമ്പത്ത് നടത്തിവന്ന അനധികൃത നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് വന്‍ സ്ഫോടകശേഖരം പിടികൂടിയത്.
അടുത്ത ദിവസങ്ങളിലായി നടത്തേണ്ടിയിരുന്ന വെടിക്കെട്ടുകളുടെ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നെയ്യാറ്റിന്‍കര കോട്ടുക്കല്‍ നിവാസികളായ മൂന്നു തൊഴിലാളികളേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ലൈസന്‍സ് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥരുമായി ഉള്ള അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ സ്ഫോടകശേഖരം പിടികൂടാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നുണ്ട്. പടക്കനിര്‍മ്മാതാക്കളില്‍ നിന്നും മാസപ്പടി പറ്റുന്ന പോലീസ് പലപ്പോഴും കണ്ണടയ്ക്കുമ്പോള്‍ അനുമതിയുള്ളതിലും ഏറെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. ജില്ലയില്‍ അംഗീകൃത ലൈസന്‍സികള്‍ അഞ്ചെണ്ണം മാത്രമാണുള്ളതെങ്കിലും അനധികൃതമായി പടക്കനിര്‍മ്മാണം നടത്തുകയും വെടിക്കെട്ട് നടത്തുകയും ചെയ്യുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ കാശിനു മുന്നില്‍ മുട്ടുമടക്കുമ്പോള്‍ ജില്ലയില്‍ ഇനിയും വെടിക്കെട്ട് അപകടങ്ങളേറും.
ലൈസന്‍സികള്‍ നിബന്ധന പാലിക്കാത്തതും അപകടത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണ്. ഇത്തരം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധന നടത്തണമെന്നിരിക്കെ മാസപ്പടി വാങ്ങി അപകടം നടക്കുമ്പോള്‍ മാത്രം പേരിന് പ്രഹസന റെയ്ഡ് നടത്തി പോകുന്ന രീതിയാണ് അധികൃതര്‍ പുലര്‍ത്തുന്നത്.
ഒരുലൈസന്‍സിയുടെ കീഴില്‍ 500 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതി. എന്നാല്‍ അടുത്ത മൂന്നുമാസങ്ങള്‍ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഉത്സവകാലമാണ് എന്നതിനാല്‍ ഇത്തരക്കാര്‍ക്ക് ചാകരയാണ്. അനുവദിച്ചതിലും എത്രയോഅധികം വെടിക്കോപ്പുകളാണ് ഇവര്‍ കൈവശം വച്ചിരിക്കുന്നത് എന്നത് സ്ഫോടനം നടന്നുകഴിഞ്ഞു മാത്രമെ പുറംലോകം അറിയുകയുള്ളു എന്നതാണ് സത്യമെന്നിരിക്കെ കര്‍ശന നിയന്ത്രണങ്ങളും അന്വേഷണങ്ങളും മാത്രമാണ് ഈ വിഷയത്തിന്റെ ശാശ്വത പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: