ആധുനികയുഗത്തിന്റെ ദുരിതങ്ങള്‍, ശരിക്കും അപഗ്രഥനം ചെയ്യപ്പെടുകയാണെങ്കില്‍, അതിന്റെ തന്നെ ദൗര്‍ബല്യങ്ങളാല്‍ ബാധിതങ്ങളാണെന്ന് കാണാം. അതിന്നകത്തുള്ള ഓരോ മെമ്പറും സ്വന്തം വികാരങ്ങള്ക്കടിമയാകുന്നു; സ്വന്തം മാനസികവും ബുദ്ധിപരവുമായ ദൗര്‍ബല്യങ്ങളാല്‍ അവന് ഭ്രാന്ത് പിടിച്ച സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനോ ഇന്ദ്രിയഭോഗങ്ങളുടെ പിന്നാലെ ഓടാനുള്ള ആത്മഹത്യാപരങ്ങളായ അഭിവാഞ്ചകളെയും അവയുടെ പൂര്‍ത്തീകരണത്തിനായുള്ള ശ്രമങ്ങളെയും തടുക്കുവാനോ സാധിക്കാതെയാവുന്നു.
അനിയന്ത്രിതമായ മൃഗീയ വികാരശതങ്ങളാല് വിദീര്ണഹൃത്തായ അവന് ഒരു നിഷ്പ്രയോജനോപകരണമായിത്തീരുകയും ബാഹ്യവസ്തുക്കളുടെ സമരാഹ്വാനത്തെ നേരിടാനോ സ്വന്തം ജീവിതാനുഭവങ്ങളെ ഉള്‍ക്കൊള്ളുവാനോ അവന് സാധിക്കാതെ വരികയും ചെയ്യുന്നു. സ്വന്തം കാലിന്മേല് നില്ക്കാന് അവന് കഴിവുറ്റവനായ് തീരുന്നു. വേനല്‍ കൊടുങ്കാറ്റില്‍ പെട്ട വിശാലമായ മൈതാനത്തിലെ ഒരു ഉണക്കപ്പുല്ലുപോലെ അവന് ഓരോ കൊച്ചുകാറ്റിന്നലയിലും പെട്ട് ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും തട്ടിത്തെറിപ്പിക്കപ്പെടുന്നു.
അങ്ങനെ ഉപേക്ഷിക്കപ്പെട്ട നങ്കൂരമില്ലാത്ത ഒരു തോണിപോലെ അവന് കനത്ത തിരമാലകളുടെ വലിവില്‍പ്പെട്ട് മുന്നോട്ടും പിന്നോട്ടും തെന്നിത്തെറിച്ചുകൊണ്ട് ഒടുവില്‍ വല്ല പാറമേലും ചെന്നടിച്ചുടഞ്ഞുപോവുന്നു. ആന്തരമായ ഈ നൗഭംഗത്തിന്റെ ദുഃഖമാണ്, അടക്കമറ്റ ഈ അലഞ്ഞുനടപ്പിന്റെ കൂകിവിളിയാണ് നമ്മുടെ യുഗസ്വഭാവമായ കഷ്ടപ്പാടിന്റെ കരുണനാദം. വല്ലൊരുവിധത്തിലും ആത്മനിയന്ത്രണപരമായ ഒരു നിശ്ചിത ജീവിതമാര്‍ഗത്തില്‍ ചരിക്കാനുള്ള പരിശീലനം നേടാനാവുകയാണെങ്കില്‍, ആ ജീവിതപന്ഥാവിനെയാണ് ‘മത’മെന്ന് പറയുന്നത്. ആ സാങ്കേതിക പദ്ധതിയാണ് സജ്ജീവിതമെന്ന് വിളിക്കപ്പെടുന്നത്; ആ ജീവിതമൂല്യത്തെയാണ് ‘വിജ്ഞാനശാസ്ത്ര’മെന്ന് പറയുന്നത്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: