കൊച്ചി: പ്ലൈവുഡ് മലിനീകരണ വിരുദ്ധസമരം ശക്തമാക്കുന്നു. കര്‍മ്മസമിതി ചെയര്മാന് വര്‍ഗ്ഗീസ് പുല്ലുവഴി ഇന്ന് മുതല്‍ മരണം വരെ നിരാഹാരസമരം തുടങ്ങും. കളക്ട്രേറ്റ് പടിക്കല്‍ കഴിഞ്ഞ ഒക്ടോബര്‍ 31ന് ആരംഭിച്ച റിലേനിരാഹാര സത്യഗ്രഹത്തിന്റെ അവസാനഘട്ടമായിട്ടാണ് കര്‍മ്മസമിതി ചെയര്മാന് മരണം വരെ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്. റിലേനിരാഹാര സത്യഗ്രഹത്തെ തുടര്‍ന്ന് കളക്ടര്‍ മൂന്ന് പ്രവശ്യം വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ജനവാസകേന്ദ്രത്തില്‍ നിന്നും പ്ലൈവുഡ് കമ്പനികള്‍ മാറ്റിസ്ഥാപിക്കുക, രാത്രികാല പ്രവര്‍ത്തനം തടയുക, പുതിയ കമ്പനികള്‍ക്ക് അനുമതി നല്‍കാതിരിക്കുക, മലിനീകരണം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ റിലേനിരാഹാരസത്യഗ്രഹം ആരംഭിച്ചത്. കഴിഞ്ഞ നവംബറില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയോട് അനുബന്ധിച്ച് പ്ലൈവുഡ് കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കുന്നതിനും, 50 മീറ്ററായി പുതുക്കിയ ദൂരപരിധി വ്യവസ്ഥ പാലിക്കുന്നതിനും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ് എന്നാല്‍ ഇതുവരെ അക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 800 ല്‍ അധികം വരുന്ന പ്ലൈവുഡ് കമ്പനികളില്‍ 150 ഓളം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതി പൂര്‍ണ്ണമായും ലഭിച്ചിട്ടുള്ളത്. പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടക്കുന്നതായും ആരോപണം ഉണ്ട്. അതിന് ചില ഭരണ പ്രതിപക്ഷ നേതാക്കളുടെ പിന്തുണയും ലഭിക്കുന്നു. ഇതിനിടെ പ്ലൈവുഡ് മലിനീകരണ സമരം ശക്തമായതിനെതുടര്‍ന്ന് പ്ലൈവുഡ് കമ്പനികള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.
ജനവാസ കേന്ദ്രങ്ങളെ മലിനീകരിക്കുന്ന പ്ലൈവുഡ് വ്യവസായം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എറണാകുളം ഗാന്ധിഭവനില്‍ ചേര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്വെന്ഷന് ആവശ്യപ്പെട്ടു.
മൂന്നു മാസമായി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാക്കനാട് കളക്ടറേറ്റ് പടിക്കല്‍ നടന്നുവരുന്ന സമരത്തോട് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര ഗവണ്മെന്റ് മുന്‍ സെക്രട്ടറി തോമസ് മാത്യൂ ഉദ്ഘാടനം ചെയ്തു. ഡോ.എസ്.സീതാരാമന്, അദ്ധ്യക്ഷനായിരുന്നു. ജോണ്‍ പെരുവന്താനം, പ്രൊഫ. വി.പി.ജി.മാരാര്‍, അഡ്വ.ജോണ്‍ജോസഫ്, ഏലൂര്‍ ഗോപിനാഥ്, കുരുവിള മാത്യൂസ്, പീറ്റര്‍ മരട്, എം.കെ.ശശിധരന് പിള്ള, ടി.എ.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കര്‍മ്മസമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി ഇന്ന് മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന് കണ്വെന്ഷന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: