മുംബൈ: പലിശ നിരക്കുകളില്‍ ഇളവുമായി റിസര്‍വ് ബാങ്ക് മൂന്നാംപാദ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ(റിപോ നിരക്ക്) തോതിലും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കേണ്ട തുകയുടെ(റിവേഴ്സ് റിപോ) തോതിലുമാണ് കുറവു വരുത്തിയത്. ഫെബ്രുവരി ഒമ്പതിനു നിരക്കുകള്‍ പ്രാബല്യത്തിലാകും.
റിപോ നിരക്ക് നേരത്തെ എട്ട് ശതമാനമായിരുന്നു. പുതിയ വായ്പാ നയപ്രകാരം ഇത് 7.75 ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനമാകും. ഇതോടെ, ഭവന, വാഹന വായ്പ നിരക്കില്‍ വാണിജ്യ ബാങ്കുകള്‍ കുറവു വരുത്തും. കഴിഞ്ഞ ഒന്‍പത് മാസമായി പലിശനിരക്ക് മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഡിസംബറില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്ഥിതിയിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്ക് വായ്പാ നിരക്ക് കുറയ്ക്കാന്‍ തയ്യാറായത്.
റിപ്പോ നിരക്കില്‍ കുറവു വരുന്നതോടെ 25,000 കോടി രൂപ ബാങ്കുകളില്‍ നിലനില്ക്കും. ഇതു ബാങ്കിങ് മേഖലയ്ക്കു നവോന്മേഷം നല്‍കും. പൊതുമേഖല ബാങ്കുകള്‍ക്കു പുറമെ പുതുതലമുറ ബാങ്കുകളും വായ്പാനിരക്കു കുറയ്ക്കാന്‍ നടപടി ഇടയാക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവാണു നയം പ്രഖ്യാപിച്ചത്. വളര്‍ച്ച ലക്ഷ്യമിട്ടുള്ള നിരക്കുകളില്‍ ഇളവ് വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 2012 ഏപ്രില്‍ ഏഴിനാണ് റിപോ നിരക്കുകള്‍ ഏറ്റവുമൊടുവില്‍ കുറവ് വരുത്തിയത്. അന്ന് അരശതമാനം വീതമാണ് കുറച്ചത്.
പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ വായ്പ നിരക്കില്‍ കുറവുവരുത്താന്‍ കഴിയില്ലെന്ന നിലപാടാണ് ഇതുവരെ റിസര്‍വ് ബാങ്ക് സ്വീകരിച്ചിരുന്നത്. വായ്പാ നിരക്കുകളില്‍ കുറവുവരുത്തുന്നതോടെ, പണലഭ്യത കുടുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇതിനെതിരെ ധനമന്ത്രി പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ റിസര്‍വ്ബാങ്ക് തിരുത്തിയത്.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായതാണ് ഇപ്പോള്‍ നിരക്കുകള്‍ കുറക്കാന്‍ കാരണമായതെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കേണ്ട തുകയുടെ നിരക്കില്‍ ഇളവു വരുത്തുന്നതോടെ 800 കോടി രുപ സമ്പദ് വ്യവസ്ഥയിലേക്ക് പ്രവഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുബ്ബറാവു പറഞ്ഞു. നിരക്കുകള്‍ കുറയ്ക്കാനുണ്ടായ തീരുമാനത്തെ തുടര്‍ന്ന് ബാങ്കുകളുടെ ഓഹരികളില്‍ വര്‍ധന ഉണ്ടായി.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജനുള്പ്പെടെ ധന വകുപ്പുമായി ബന്ധപ്പെട്ടവരും തീരുമാനത്തെ സ്വാഗതം ചെയ്തു. മൂന്നാം പാദ വായ്പ നയത്തോടെ, ധനവകുപ്പും റിസര്‍വ് ബാങ്കും സമ്പദ് വ്യവസ്ഥയെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന വിലയിരുത്തലുകള്‍ക്കും അവസാനമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: