ചെന്നൈ: കമലഹാസന്റെ വിശ്വരൂപം സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ച വിധി മദ്രാസ് ഹൈക്കോടതി ഇന്ന് പറയും. സിനിമയുടെ പ്രദര്‍ശനം റദ്ദാക്കിക്കൊണ്ടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ കമലഹാസന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഞായറാഴ്ച്ച സിനിമ കണ്ട ജഡ്ജി വിധിപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തമിഴ്നാട് സര്‍ക്കാരിനെ സമീപിക്കാനും കോടതി കമലഹാസന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച ചെന്നൈയിലെത്തിയ ഹാസന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇസ്ലാമിനെ അവഹേളിക്കുന്ന തരത്തിലുള്ള പരമാര്‍ശം സിനിമയിലുണ്ടെന്ന മുസ്ലീം സംഘടനകളുടെ ആരോപണത്തെതുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രദര്‍ശനം റദ്ദാക്കിയത്. തമിഴ്നാട്ടില്‍ കഴിഞ്ഞ 25ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ രണ്ടാഴ്ച്ചത്തേക്ക് മറ്റീവ്ക്കുകയായിരുന്നു. 35 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ 40 തീയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കാനിരുന്നത്. അടുത്ത മാസം രണ്ടിന് ചിത്രം ഡിടിഎച്ച് വഴി പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്. അതിനിടെ സ്വകാര്യ സിനിമ കമ്പനി ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇതിന്റെ വിചാരണ ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഭാഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് മുസ്ലീം സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ചിത്രം കാണണമെന്നും അപകീര്‍ത്തികരമായ ഭാഗങ്ങളുണ്ടെങ്കില്‍ അത് കളയാമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടതിന്റ പശ്ചാത്തലത്തില്‍ സംഘടനകള്‍ക്കുവേണ്ടി ജനുവരി 21ന് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കമലഹാസന് പിന്തുണ പ്രഖ്യാപിച്ച് സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകത്തിലും ഹൈദരാബാദിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചുവെങ്കിലും കേരളത്തില്‍ നിറഞ്ഞ സദസിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: