ഗുരുവായൂര്‍: റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് നടത്തിയ പരേഡ് പോലീസ് അകാരണമായി തടഞ്ഞ് ദേശീയപതാക വലിച്ചൂരി നേതാക്കളടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. 1962ലെ ഇന്ത്യ-ചൈന യുദ്ധസമയത്ത് ഭാരത സൈന്യത്തോടൊപ്പം യുദ്ധമുഖത്ത് ആര്‍എസ്എസ് നല്കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി 1963ല്‍ ദല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡില്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്റു ആര്‍എസ്എസ് പ്രവര്‍ത്തകരെ സൈനികര്‍ക്കൊപ്പം പരേഡില്‍ പങ്കെടുപ്പിച്ചതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരേഡാണ് പോലീസ് തടഞ്ഞത്. ഗുരുവായൂരില്‍ ദേശീയപതാകയുമായി നടത്തിയ റൂട്ട് മാര്‍ച്ചാണ് പോലീസ് ഗൂഢോദ്ദേശ്യത്തോടെ തടഞ്ഞത്. ഗുരുവായൂര്‍ എസ്ഐ സൂരജിന്റെ നേതൃത്വത്തിലായിരുന്നു രാഷ്ട്രദ്രോഹ നടപടി നടന്നത്.
രാവിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ആംരംഭിച്ച പ്രകടനമാണ് പോലീസ് തടഞ്ഞത്. പ്രകടനത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് ജില്ലകാര്യവാഹ് ടി.ശിവദാസടക്കമുള്ള 40ഓളംപേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയെന്ന വാദമാണ് പോലീസ് ഉന്നയിക്കുന്നത്. എന്നാല്‍ ഏവരും രാഷ്ട്രത്തിന്റെ റിപ്പബ്ലിക് ദിനം ആര്‍ഭാടപൂര്‍വ്വം കൊണ്ടാടുമ്പോള്‍ ഇതിനെ തടയുന്ന തരത്തില്‍ പോലീസ് നടത്തിയ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദേശീയ പതാകയെ ഗുരുവായൂര്‍ പോലീസ് അപമാനിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇതിനെതിരെ നൂറുകണക്കിന് പേര് പങ്കെടുത്ത പ്രതിഷേധ പ്രകടനം ഗുരുവായൂരില്‍ നടന്നു. പഞ്ചായത്ത് തലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി.
ആര്‍എസ്എസ് ഗുരുവായൂരില്‍ ദേശീയ പതാകയുമായി നടത്തിയ റിപ്പബ്ലിക് പരേഡ് തടഞ്ഞ് ദേശീയപതാകയെ അനാദരിച്ച് വലിച്ചൂരിയ ഗുരുവായൂര്‍ എസ്.ഐ സൂരജിന്റെ നടപടി രാഷ്ട്രദ്രോഹവും, ഭരണഘടനാ വിരുദ്ധവുമാണെന്ന് ആര്‍എസ്എസ് ജില്ല കാര്യവാഹക് ടി. ശിവദാസ് ആരോപിച്ചു. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ ആര്‍എസ്എസ് നിര്‍ബ്ബന്ധിതമാകുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. രാജ്യദ്രോഹ വിഘടനവാദ ശക്തികള്‍ രാഷ്ട്രീയ ശിഥിലീകരണത്തിന് തക്കം പാര്‍ത്തിരിക്കുന്ന സമയത്ത് ദേശീയ പതാകക്കും ദേശീയ ശക്തികള്‍ക്കുമെതിരെ ഇത്തരത്തിലുള്ള നീക്കമുണ്ടായതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ആര്‍എസ്എസ് ഗുരുവായൂര്‍ ജില്ലാ കാര്യകാരി അഭിപ്രായപ്പെട്ടു.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: