കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം അന്വേഷിക്കുന്ന കാര്യം മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് മകള്‍ അനിതാ ബോസ്. തിരോധാനം അന്വേഷിക്കാന്‍ 1945ല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എന്നാല്‍ എത്ര മാത്രം പിന്തുണ അന്വേഷണ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്ന് അറിയില്ല. ചില സര്‍ക്കാരുകള്‍ കമ്മീഷനെ സഹായിച്ചെങ്കിലും മറ്റ് ചിലര്‍ കമ്മീഷന് കൂച്ചു വിലങ്ങ് ഇടുകയാണ് ചെയ്തതെന്നും അനിതാ ബോസ് ആരോപിച്ചു.
കേസ് അന്വേഷിക്കാന്‍ ആദ്യമായി നിയോഗിച്ച കമ്മീഷനെ തായ്വാനിലേക്ക് പോകുവാന്‍ അനുവദിച്ചില്ല. അവസാനം നിയോഗിച്ച മുഖര്‍ജി കമ്മീഷന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാനും അധികൃതര്‍ തയ്യാറായില്ല. അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചെന്നും അനിത ആരോപിച്ചു. അച്ഛന്റെ തിരോധാനം അന്വേഷിക്കാന്‍ മൂന്ന് കമ്മീഷനുകളെയാണ് നിയോഗിച്ചത്. ആദ്യ രണ്ട് കമ്മീഷനുകള്‍ വിമാനാപകടത്തെ അനുകൂലിച്ചു. എന്നാല്‍ സംഭവം നടന്നെന്നു പറയുന്ന ദിവസം തായ്വാനില് വിമാനാപകടം ഉണ്ടായിട്ടില്ലെന്ന് മൂന്നാമത്തെ മുഖര്‍ജി കമ്മീഷന് കണ്ടെത്തി. മുഖര്‍ജി കമ്മീഷന് 2006ല്‍ ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും യുപിഎ സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞെന്നും അനിത ബോസ് പറഞ്ഞു.
1945ല്‍ തായ്വാനിലുണ്ടായ വിമാന അപകടത്തില്‍ തന്റെ അടച്ഛന് മരിച്ചുവെന്ന വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ല. എല്ലാം ഒരു കെട്ടുകഥകളാണ്. ജപ്പാനില്‍ നിന്നുള്ള ചിലരുമായി താന്‍ സംസാരിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നാണ് അവര്‍ പറയുന്നത്. എല്ലാത്തിന്റെയും ദൃക്സാക്ഷികളായാണ് അവരെ ഞാന്‍ കാണുന്നത്. അച്ഛന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറയുന്ന വാദം ഒരിക്കലും ഞാന്‍ വിശ്വസിക്കില്ലെന്നും അനിത ബോസ് പറഞ്ഞു.
ദീര്‍ഘനാള്‍ അദ്ദേഹം ജീവിച്ചിരുന്നില്ല എന്നതിനോട് താന്‍ യോജിക്കുന്നു. കാരണം അച്ഛനെ കാണാതാകമ്പോള് 48 വയസുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെയും, ഇന്ദിരാഗാന്ധിയുടേയും ഭരണകാലത്ത് കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 1945ല്‍ തായ്വാനില് ഒരു വിമാനാപകടം ഉണ്ടായിട്ടില്ലെന്ന് തായ്വാന് സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അന്നേ ദിവസം നേതാജി തായ്ഹൊകുവില് എത്തിയിരുന്നതായി മുഖര്‍ജി കമ്മീഷന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് കൃത്യമായ രേഖകളോ, തെളിവുകളോ ഇല്ലെന്നും അനിത ബോസ് പറഞ്ഞു. എന്നാല്‍ കൃത്യമായ രേഖകള്‍ മാത്രമാണ് തെളിവെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ലെന്നും അനിത കൂട്ടിച്ചേര്‍ത്തു.
അച്ഛന്റെ തിരോധാനവും അതേത്തുടര്‍ന്നുണ്ടായ അന്വേഷണത്തിന്റെ രേഖകളും കേന്ദ്ര സര്‍ക്കാരിനോട് അടുത്തിടെ അനിത ആവശ്യപ്പെട്ടിരുന്നു. നേതാജിയുടെ ജന്മദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതാണ് അനിത ബോസ്. ഇന്ത്യാ വിഭജനവും, ഇന്ത്യാ-പാക് യുദ്ധവും അച്ഛന്റെ ആശങ്ങള്‍ക്ക് എതിരായിരുന്നുവെന്ന് നേരത്തെ അനിത അഭിപ്രായപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ അനിത നടത്തിയ രൂക്ഷ വിമര്‍ശനത്തെ വിവരാവകാശ പ്രവര്ത്തകന് അനുജ് ധര് സ്വാഗതം ചെയ്തു. ഭരണവിജയം അവകാശപ്പെടുന്ന സര്‍ക്കാരുകള്‍ നേതാജിയുടെ തിരോധാനം അന്വേഷിക്കുന്നതിനോട് അവഗണ കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്നതിനോട് താന്‍ ഒരിക്കലും യോജിക്കില്ല.
കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും എന്തിനുവേണ്ടിയാണ് ഇതിനു പിന്നിലുള്ള രഹസ്യം മൂടിവെക്കുന്നത്. ഇപ്പോഴെങ്കിലും നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യകാലങ്ങളില്‍ നേതാജിയുടെ തിരോധനത്തെക്കിറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: