ന്യൂദല്‍ഹി: പീഡനക്കേസുകളുടെ അതിവേഗ വിചാരണ ആരംഭിച്ച് മൂന്ന് ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ ദല്‍ഹിയിലെ ആറ് അതിവേഗ കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ടത് 500 പീഡനക്കേസുകള്‍. ഇതില്‍ 60 എണ്ണം കൂട്ടബലാത്സംഗക്കേസുകളാണ്. കോടതിയിലെത്തിയ കേസുകളുടെ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചതാണ്. വിചാരണ മാത്രമെ ഇനി തുടങ്ങേണ്ടതുള്ളു.
ഡിസംബര്‍ 16ന് ദല്‍ഹിയിലുണ്ടായ കൂട്ടബലാത്സംഗത്തിന്റെ വെളിച്ചത്തിലാണ് അതിവേഗ കോടതികള്‍ സ്ഥാപിച്ചത്. ദല്‍ഹിയിലെ ആറ് പ്രധാന നഗരങ്ങളിലാണ് കോടതികള്‍ സ്ഥാപിച്ചത്. കിഴക്കന്‍ ദല്‍ഹിയിലെ തീസ് ഹസാരി കോംപ്ലക്സിലാണ് ആദ്യ കോടതി സ്ഥാപിച്ചത്. തെക്കന്‍ ദല്‍ഹിയിലും വടക്കന്‍ ദല്‍ഹിയിലുമാണ് മറ്റ് രണ്ട് കോടതികളും സ്ഥിതിചെയ്യുന്നത്. ദ്വാരകയിലും, കര്‍കര്‍ ദൂമയിലും, സാകേതിലും കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്.
പന്ത്രണ്ട് കൂട്ടബലാത്സംഗക്കേസുകള്‍ ഉള്‍പ്പെടെ 114 പീഡനക്കേസുകളാണ് കഴിഞ്ഞ 23 വരെ ഫയല്‍ ചെയ്തതെന്ന് കോടതി പുറത്തുവിട്ട കണക്കില്‍ പറയുന്നു. റോഷ്ണിയിലെ അതിവേഗ കോടതിയില്‍ ഫയല്‍ ചെയ്തത് 120 കേസുകളാണ്. ഇതില്‍ 20 എണ്ണം കൂട്ടബലാത്സംഗമാണ്. തീസ് ഹസാരി കോടതിയില്‍ ഇതുവരെ പരിഗണിച്ചത് 65 കേസുകളാണ്. ഇതില്‍ ആറെണ്ണം കൂട്ടബലാത്സംഗം. വടക്കന്‍ ദല്‍ഹിയിലും തെക്കന്‍ ദല്‍ഹിയിലുമായി ഫയല്‍ ചെയ്തത് 58 കേസുകളാണ്. മൂന്നെണ്ണം കൂട്ടബലാത്സംഗം. ദ്വാരകയിലെ അതിവേഗ കോടതിയില്‍ ഫയല്‍ ചെയ്തത് 70 കേസുകള്‍. ഇതില്‍ 11 എണ്ണം കൂട്ടബലാത്സംഗമാണ്.
2012ല്‍ ദല്‍ഹിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 635 പീഡനക്കേസുകളാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009ല്‍ ഇത് 459 ആയിരുന്നു. 2010ല്‍ 510 ഉം, 2011ല്‍ 568 ഉം കേസുകള്‍ ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഈ കേസുകളുടേയെല്ലാം അന്വേഷണം ഏതാണ്ടെല്ലാം പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനക്കേസുകളുടെ വിചാരണക്കായി അതിവേഗ കോടതികള്‍ ആരംഭിച്ചപ്പോള്‍ കേസുകളില്‍ പെട്ടെന്ന് തീര്പ്പുവരാനായി കേസുകള്‍ ഇവിടേക്ക് മാറ്റപ്പെടുകയായിരുന്നു. വിചാരണക്കായി അതിവേഗ കോടതിയില്‍ എത്തിയ കേസുകളില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനമാണെന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: