ഭാരതത്തിന്റെ റിപ്പബ്ലിക്ദിനം ഇന്ന് രാജ്യമെമ്പാടും സമുചിതമായി ആഘോഷിക്കുകയാണ്. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ വര്‍ണശബളമായ പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്ന രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രണബ്കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായതിനുശേഷം നടക്കുന്ന ആദ്യത്തെ റിപ്പബ്ലിക്ദിനമാണ് ഇന്നത്തേത്. സര്വസൈന്യാധിപന് കൂടിയായ രാഷ്ട്രപതിയോടൊപ്പം സേനയുടെ മൂന്നുവിഭാഗവും റിപ്പബ്ലിക്ദിനത്തില്‍ ഒത്തുകൂടുന്നു. മറ്റ് സായുധ, സന്നദ്ധസേനകളും പരേഡിന്റെ പ്രത്യേകതകളാണ്. അന്പതുവര്ഷം മുമ്പ് ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട ഇന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ ആര്‍എസ്എസ് പരേഡില്‍ പങ്കെടുത്ത് പ്രശംസനേടിയിരുന്നു. ചൈനീസ് ആക്രമണകാലത്ത് നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന്റെ അംഗീകാരമായിട്ടായിരുന്നു ആര്‍എസ്എസിനുള്ള ക്ഷണം. വിശ്വപൗരനെന്ന് പരക്കെ അംഗീകരിച്ചിട്ടുള്ള ജവഹലാല്നെഹ്രു ആയിരുന്നു അന്ന് പ്രധാനമന്ത്രി. രാഷ്ട്രപതിയാകട്ടെ ഡോ.രാജേന്ദ്രപ്രസാദ്. ബീഹാര്‍ഗാന്ധി എന്ന അപരനാമത്താല്‍ അറിയപ്പെട്ട രാജേന്ദ്രപ്രസാദ് സ്വാതന്ത്ര്യസമരത്തിലെ മുഖ്യനായകന്മാരില്‍ ഒരാളായിരുന്നു. അധ്യാപകനായും അഭിഭാഷകനായും സമരയോദ്ധാവായും തിളങ്ങിയ അദ്ദേഹം, ഭരണഘടനാനിര്‍മ്മാണസഭയുടെ സ്ഥിരാധ്യക്ഷനുമായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ രാഷ്ട്രപതിയായ വ്യക്തി. അങ്ങനെ പ്രാഗത്ഭ്യംതെളിയിച്ച രാഷ്ട്രനായകരും ഭരണകര്‍ത്താക്കളും രാജ്യത്തെ നയിച്ചപ്പോഴാണ് ആര്‍എസ്എസിനെ റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുപ്പിച്ച് ആദരിച്ചത്.
ഇന്ന് 63-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അത്ര പ്രാഗത്ഭ്യം തെളിയിച്ചവരല്ല രാജ്യത്തെ നയിക്കുന്നത്. അഴിമതിയും അവസരവാദവും കലയാക്കിയ മൂല്യശോഷണം രാഷ്ട്രീയത്തിലും ജീവിതത്തിലും സംഭവിച്ചവരുമാണ് ഇന്ന് രാജ്യത്തെ നയിക്കുന്നത്. അവരുടെ അറിവില്ലായ്മയും അല്പത്തവും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കോട്ടം തട്ടിക്കുകയാണ്. രാജ്യത്തെ ശിഥിലമാക്കാനും വീണ്ടുമൊരു വിഭജനം കൊതിക്കുകയും ചെയ്യുന്നതിന് എന്തും ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് ആഹ്ലാദം പകരുന്ന നീക്കങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തു നിന്നുതന്നെ ഉണ്ടാകുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന. നെഹ്രുവും രാജേന്ദ്രപ്രസാദും സര്‍ദാര്‍ പട്ടേലുമെല്ലാം ആദരിച്ച ആര്‍എസ്എസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആക്ഷേപിക്കാനാണ് ഷിന്‍ഡെ മുതിര്‍ന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ പരിപാടിയില്‍ പ്രസംഗിക്കവെ കേന്ദ്രആഭ്യന്തരമന്ത്രി ബോധപൂര്‍വമാണ് ഏറ്റവും വലിയ ദേശീയസംഘടനയായ ആര്‍എസ്എസിനെയും ഏറ്റവും വലിയ ദേശീയ രാഷ്ട്രീയ കക്ഷിയായ ബിജെപിയെയും ആക്ഷേപിക്കാന്‍ തയ്യാറായത്. ദുര്‍നടപടികളും ദുര്‍ഭരണവും മൂലം ജനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. വെറുക്കപ്പെട്ട കക്ഷിയായി ആ പാര്‍ട്ടി മാറി. ദേശീയ ജനതയുടെ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ദേശവിരുദ്ധരുടെ പിന്‍ബലം നേടാനുള്ള തറവേലയാണ് കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. ഹിന്ദുഭീകരതയെന്നും കാവിഭീകരതയെന്നും ഷിന്‍ഡെ ആക്ഷേപിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പൂച്ചെണ്ടുമായെത്തിയത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഭീകരസംഘടനകളും അതിന്റെ നേതാക്കളുമാണ്. കേന്ദ്രമന്ത്രിക്ക് അബദ്ധം പിണഞ്ഞതാണെങ്കില്‍ പ്രധാനമന്ത്രി തിരുത്തുമായിരുന്നു. കോണ്‍ഗ്രസ് നേതാവ് വിടുവായത്തം പറഞ്ഞതായിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ അതിനെ തള്ളിക്കളയുമായിരുന്നു. മാത്രമല്ല ഒട്ടേറെ കേന്ദ്രമന്ത്രിമാരും നേതാക്കളും ഷിന്‍ഡെയുടെ പിന്നില്‍ അണിനിരന്നിരിക്കുന്നു. അത് അപകടസൂചനയായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ് രാജ്യവ്യാപകമായി ദേശീയജനത പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വന്പ്രതിഷേധമിരമ്പുകയുണ്ടായി. ദല്‍ഹി ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധ റാലിക്ക് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗും പ്രതിപക്ഷനേതാവ് സുഷമ സ്വരാജും നേതൃത്വം നല്കി. പ്രധാനമന്ത്രി മന്മോഹന് സിംഗും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും നിരുപാധികം മാപ്പ് പറയണമെന്നും ഷിന്‍ഡെയെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഷിന്‍ഡെയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടുപോകുന്ന പ്രശ്നമില്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധം പാര്ലമെന്റ്ലേക്കും വ്യാപിപ്പിക്കുമെന്ന് റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം മുന്നറിയിപ്പു നല്കി. സുശീര്‍കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രിയാണെന്ന് മനസ്സിലാക്കണം. ആഭ്യന്തരമന്ത്രിക്കസേരയിലിരുന്ന് ഒരാള്‍ക്ക് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയില്ല.സര്‍ക്കാര്‍ ഭീകരവാദത്തെ നേരിടുന്നത് ഗൗരവമായി എടുത്തിട്ടില്ലെന്നാണ് ഷിന്‍ഡെയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് വോട്ട് ബാങ്കുകള്‍ക്കു വേണ്ടി വര്‍ഗ്ഗീയതകൊണ്ട് രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. അതിര്‍ത്തികാക്കുന്ന ധീരജവാന്മാരെ തെമ്മാടിരാജ്യമായ പാക്കിസ്ഥാന്റെ സൈന്യം നിഷ്ഠുരമായി കൊല്ലുന്നു. വെടിയേറ്റ് വീണ ജവാന്മാരുടെ തലയറുത്തുകൊണ്ട് പോകുന്നു. ഭീഷണമായ അത്തരം സാഹചര്യം നിലനില്ക്കുമ്പോള് അതിനെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് മിണ്ടാട്ടമില്ല. രാജ്യരക്ഷയ്ക്കുവേണ്ടി സദാ ജാഗരൂകരായിരിക്കുന്ന ദേശീയ പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കാന്‍ ഒരു മടിയുമില്ല. ഭരണക്കാര്‍ എന്തുതന്നെ പറഞ്ഞാലും രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭംഗംവരാതെ കാത്തുസംരക്ഷിക്കുക എന്നതാണ് ദേശീയജനതയുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: