കൊച്ചി: നഗരാധിപനായ എറണാകുളത്തപ്പന്റെ പകല്‍പ്പൂരം കണ്ട് ആയിരങ്ങള്‍ക്ക് നിര്‍വൃതി. രാവിലെ വലിയ വിളക്ക് ചടങ്ങുകള്‍ക്കുശേഷം ഉച്ചതിരിഞ്ഞ് 3 ന് പകല്‍പ്പൂരത്തിന് തുടക്കമായി. കളഭ കേസരി തിരുവമ്പാടി ശിവസുന്ദര്‍ ഭഗവാന്റെ തിടമ്പേറ്റി. ശംഭോ മഹാദേവാ എന്ന നാമജപത്തോടെ ഭഗവാനെ പൂരപ്പറമ്പിലേക്കെഴുന്നള്ളിച്ചു. ദിവാന്‍സ് റോഡില്‍നിന്ന് പഞ്ചവാദ്യത്തോടെയായിരുന്നു തുടക്കം. തിമിലയിലെ സര്‍വാധിപതിയായ ചോറ്റാനിക്കര വിജയന്റെ പ്രമാണത്തില്‍ പഞ്ചവാദ്യത്തിന് കാലം നിരത്തി. പതികാല സൗന്ദര്യത്തിന് പകിട്ടേകി തിമിലയില്‍ പതികാലം കൊട്ടിത്തീര്‍ത്ത് മദ്ദള നിരയിലേക്ക് പകര്‍ന്നു നല്കി. കുനിശ്ശേരി ചന്ദ്രന്റെ നേതൃത്വത്തിലെ പ്രശസ്തര്‍ അത് അറിഞ്ഞ് ആസ്വദിച്ച് വായിച്ചു. പതികാലത്തിലെ കൂട്ടിക്കൊട്ടിന്റെ മാസ്മരിക പ്രഭാവത്താല്‍ ആസ്വാദകര്‍ താളം പിടിച്ചു കൊഴുപ്പിച്ചു.
ആറ് മണിവരെ തിമിലയിലും മദ്ദളത്തിലുമായി പഞ്ചവാദ്യ കാലങ്ങളും കൂട്ടിക്കൊട്ടിന്റെ മികവുമായി കഴിവിന്റെ മാറ്റുരയ്ക്കല്‍ ശ്രദ്ധ നേടി. പകലോന്റെ അസ്തമയ പകിട്ടില്‍ പകല്‍പ്പൂരത്തിന് താളമിട്ടു. പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തിന് ചെമ്പട കൊട്ടിത്തീര്‍ത്തു. കൊലുമ്പലിന് ശേഷം പാണ്ടിമേളത്തിന്റെ സൗന്ദര്യ ഭാഗത്തേക്ക് പ്രവേശിച്ചപ്പോള്‍ കുടമാറ്റത്തിന് തുടക്കമായി. തൃശ്ശൂര്‍ പൂരത്തിന്റെ അഴകാര്‍ന്ന അടയാളമായ കുടമാറ്റം എറണാകുളത്തിന്റെ ഹൃദയത്തില്‍ വിരിഞ്ഞിറങ്ങി. വര്ഷാരവത്തിന്റെ പൊലിമയില്‍ കുടമാറ്റ നേരത്ത് പതിനൊന്ന് ഗജവീരന്മാര് അണിനിരന്നു. 8.30 ന് വെടിക്കെട്ടും തിമര്‍ത്തു. രാത്രി 11 ന് വലിയ വിളക്കിനും എഴുന്നള്ളിച്ചു.
ഇന്ന് ഭഗവാന്റെ ആറാട്ടാണ്. എട്ടുനാള്‍ നീണ്ട ഉത്സവത്തിന്റെ പരിസമാപ്തിയാണിന്ന്. നാളെ പുലര്‍ച്ചെ വരെ നീളുന്ന ആറാട്ടിന്റെ പൂര്‍ണതയില്‍ ഭഗവല്‍ ഭക്തര്‍ തൊഴുകയ്യുമായി നിലകൊള്ളും. സന്ധ്യയ്ക്ക് 7.30 ന് കൊടിയിറക്കി ആറാട്ടിന് തേവര് യാത്രയാവും. പുണ്യതീര്‍ത്ഥത്തില്‍ ഗംഗാസാന്നിധ്യം ആവാഹിച്ച് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ നമ്പൂതിരിയും മേല്‍ശാന്തിയും ചേര്‍ന്ന് ആറാട്ട് കുളിക്ക് നേതൃത്വം വഹിക്കും.
രാത്രി 9.30 ന് അന്നമനട പരമേശ്വരമാരാര്‍ നേതൃത്വം വഹിക്കുന്ന പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയന്, കുനിശ്ശേരി ചന്ദ്രന്, തിച്ചൂര്‍ മോഹന്‍, ചേലക്കര സൂര്യന്, മച്ചാട് രാമചന്ദ്രന് എന്നിവര്‍ പഞ്ചവാദ്യത്തിന് പിന്തുണയേകും. പുലര്‍ച്ചെ പാണ്ടിമേളം. തുടര്‍ന്ന് വെടിക്കെട്ട്. കൊടിക്കീഴില്‍ പറ, 25 കലശം എന്നിവക്കുശേഷം ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: