ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയുടെ ജാമ്യാപേക്ഷ ഹൈദരാബാദ് കോടതി തള്ളി. കേസില്‍ അന്വേഷണം നടത്തുന്ന സിബിഐയുടെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ജഗന്റെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അന്വേഷണത്തോട് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലും ജഗന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മെയ് 27നാണ് ജഗനെ സിബിഐ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണ് ഇപ്പോള്‍ ജഗന്.
സ്വത്ത് സമ്പാദനക്കേസില്‍ ജഗനും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അധികാര ദുര്‍വിനിയോഗത്തിലൂടെ ജഗനും പിതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയും ചേര്‍ന്ന് സ്വത്ത് സമ്പാദനം നടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും സ്വത്ത് സമ്പാദനം നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: