റുസ്തംബര്ഗ്: ആഫ്രിക്കന്‍ നേഷന്‍സ് കാപ്പില്‍ ഐവറികോസ്റ്റിനും ടുണീഷ്യക്കും വിജയം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഐവറികോസ്റ്റ് ടോഗോയെയും ടുണീഷ്യ അള്ജീരിയയെയുമാണ് കീഴടക്കിയത്.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ ദിദിയര്‍ ദ്രോഗ്ബ ഉള്‍പ്പെട്ട ഐവറികോസ്റ്റ് അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ടോഗോയെ 2-1ന് മറികടന്നത്.
നിലവിലെ റണ്ണേഴ്സ് കൂടിയായ ഐവറികോസ്റ്റിന് അവസാന മിനിറ്റില്‍ ഗര്വീഞ്ഞോ നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ഐവറികോസ്റ്റ് മുന്നിലെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ യായാ ടൂറെയാണ് ഐവറികോസ്റ്റിന് മുന്നിലെത്തിച്ചത്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ജോനാഥന് ഐറ്റയിലൂടെ ടോഗോ സമനില പിടിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ 89-ാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ പിറന്നത്. യായാ ടൂറെയുടെ ഫ്രീകിക്കില്‍ നിന്നാണ് ഐവറികോസ്റ്റിന്റെ വിജയഗോള്‍ പിറന്നത്. ടൂറെയുടെ ഫ്രീകിക്ക് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഗര്വീഞ്ഞോ ടോഗോ വലയിലെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ ടുണീഷ്യ ഏകപക്ഷീയമായ ഒരു ഗോളിനാണ് അള്‍ജീരിയയെ കീഴടക്കി വിജയം സ്വന്തമാക്കിയത്. സമനിലനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ചേഡി ഹമ്മാമിയുടെ പാസില്‍ നിന്ന് യൂസഫ് സാക്നിയാണ് ടുണീഷ്യയുടെ വിജയഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടങ്ങളില്‍ ഘാന മാലിയേയും നീജര് കോംഗോയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: