പള്ളുരുത്തി: തിരക്കിട്ട പരിപാടിക്കിടയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിങ്കളാഴ്ചത്തെ പ്രഭാതഭക്ഷണം പള്ളുരുത്തി സ്നേഹഭവനിലെ അന്തേവാസികള്‍ ക്കൊപ്പമായിരുന്നു. കുമ്പളങ്ങിയില്‍ നടക്കുന്ന വിദ്യാജോതി പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മുഖ്യമന്ത്രി കൊച്ചി നഗരസഭാ അധികൃതരുടെ സ്നേഹപൂര്‍വ്വമായ ക്ഷണംസ്വീകരിച്ച് നഗരസഭയുടെ അഗതി മന്ദിരമായ സ്നേഹഭവനിലെ 70 ഓളം കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചത് പുതിയ അനുഭവമാവുകയായിരുന്നു. രാവിലെ കൃത്യം 8.30ന് തന്നെ മുഖ്യമന്ത്രി സ്നേഹഭവനിലെത്തി. മുഖ്യമന്ത്രിയെകണ്ട് കുട്ടികള്‍ ചുറ്റും കൂടി. സ്നേഹപൂര്‍വ്വം കുട്ടികളെ ഒപ്പം നിര്‍ത്തി കുറച്ചു സമയത്തെ സ്നേഹാന്വേഷണം. കൂടെനിന്ന പയ്യന് സംശയം. ടിവിയില്‍ കാണുന്ന അപ്പൂപ്പനല്ലെ. മുഖ്യമന്ത്രി അതേയെന്ന് തലയാട്ടി. അടുത്തുനിന്നിരുന്ന കുട്ടിയോട് ആരാകാനാണിഷ്ടം എന്നചോദ്യം. ഉടനെ മറുപടി വന്നു, മുഖ്യമന്ത്രിയാകണം. പ്രതീക്ഷിക്കാത്ത മറുപടികേട്ട മുഖ്യമന്ത്രി ആദ്യം ഒന്നു പതറിയെങ്കിലും പിന്നീട് പൊട്ടിച്ചിരിച്ചു. ആത്മാര്ത്ഥമായിശ്രമിക്കുവെന്ന് അദ്ദേഹം പറഞ്ഞു. അപ്പവും, സ്റ്റ്യുവും, മുട്ടയും പഴവുമൊക്കെയായിരുന്നു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കുട്ടികളും ഒപ്പമിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ച മൂഡിലായിരുന്നു കുട്ടികള്‍. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്, എംഎല്‍എ ഡോമനിക്ക് പ്രസന്റേഷന്, മേയര്‍ ടോണിചമ്മിണി, ഡെ.മേയര്‍ ബി.ഭദ്ര, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ടി.കെ.അഷറഫ്, തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്നേഹഭവന്റെ പഴയകെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് സഹായം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സ്നേഹഭവനിലെ കുട്ടികളെക്കൂടാതെ പ്രത്യാശ ഭവനിലെ അന്തേവാസികളും മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: