നമ്മുടേതൊഴിച്ചുള്ള വിശ്വമഹാമതങ്ങളെല്ലാം ഐതിഹാസിക വ്യക്തികളുടെ മേലാണ് കെട്ടിയുറപ്പിച്ചിട്ടുള്ളത്. നമ്മുടേതാകട്ടെ, തത്ത്വ പ്രതിഷ്ഠമാണ്. ഒരു പുരുഷനോ സ്ത്രീക്കോ വേദങ്ങളുണ്ടാക്കി എന്നവകാശപ്പാടവതല്ല. വേദങ്ങള്‍ നിത്യസത്യങ്ങളുടെ മൂര്‍ത്തീഭാവങ്ങളാണ്. ഋഷിമാര്‍ ആ സത്യങ്ങള്‍ കണ്ടുപിടിച്ചു. ചിലപ്പോള്‍ ഈ ഋഷിമാരുടെ പേരുപറഞ്ഞിട്ടുണ്ട്, വെറും പേരുമാത്രം. അവര്‍ ആരായിരുന്നുവെന്നോ എന്തുചെയ്തിരുന്നുവെന്നോ നമുക്കറിയാന്‍ പാടില്ല. പലപ്പോഴും അവരുടെ പിതാക്കന്മാര് ആരായിരുന്നുവെന്നുപോലും അറിയാന്‍ വഴിയില്ല. ഏതാണ്ടെല്ലാ ഋഷിമാരെക്കുറിച്ചും പറയാം. അവര്‍ എപ്പോള്‍ എവിടെ ജനിച്ചുവെന്ന വിവരമില്ലെന്ന്. പക്ഷേ, തങ്ങളുടെ പേരിനെയും പെരുമയെയും കുറിച്ച് ഈ ഋഷിമാര്‍ക്ക് എന്ത് മതിപ്പ്! അവര്‍ തത്വങ്ങളുടെ പ്രവക്താക്കളായിരുന്നു. തങ്ങള്‍ പ്രഖ്യാപിച്ച ആ തത്ത്വങ്ങളുടെ സമുജ്ജ്വലമാതൃകളാകാന് അവര്‍ ആവുന്നിടത്തോളം യത്നിച്ചു. അതോടൊപ്പം, നമ്മുടെ ഈശ്വരന് നിര്‍ഗുണനും സഗുണനുമായതുപോലെ നമ്മുടെ മതവും അത്യന്തം നിര്‍വ്യക്തികമാണ്. അതിന്റെ പ്രതിഷ്ഠ തത്വങ്ങളിലാണ്; ഏതെങ്കിലും വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തനത്തിന് അപരിമിതമായ അവകാശവും അതിലുണ്ട്. വെറെ ഏതു മതമുണ്ട്, ഏറെ അവതാരപുരുഷന്മാരെയും പ്രവാചകന്മാരെയും ഋഷിമാരെയും നല്‍കുന്നതായും ഇനിയും അത്തരം അസംഖ്യം പേരെ പ്രതീക്ഷിക്കുന്നതായും? ഭാഗവതം പറയുന്നു, അവതാരങ്ങള്‍ അസംഖ്യമുണ്ട്, നിങ്ങള്‍ക്കെത്ര വേണമോ അത്രയും അവതാരങ്ങള്‍ക്ക് സ്ഥാനമുണ്ട്. അതിനാല്‍ ഭാരതത്തിന്റെ മതചരിത്രത്തില്‍, ഇവരില്‍ ഒന്നോ രണ്ടോ അവതാരങ്ങളോ പ്രവാചകരോ ഐതിഹാസികരല്ലെന്ന് പിന്നെയും നമ്മുടെ മതം ഉറച്ചുനില്‍ക്കും. എന്നത്തേയുംപോലെ എന്തുകൊണ്ടെന്നാല്‍, തത്ത്വങ്ങളിലാണ്, വ്യക്തികളിലല്ല, അത് അധിഷ്ഠിതമായിട്ടുള്ളത്. ലോകജനതകളെയെല്ലാം ഒരു വ്യക്തിക്ക് ചുറ്റും അണിനിരത്താനുള്ള ശ്രമം വിഫലമാണ്. നിത്യവും സാര്‍വലൗകികവുമായ തത്വങ്ങളുടെ വലയങ്ങളില്പ്പോലും അവരെയെല്ലാം ഒന്നിച്ചുചേര്‍ക്കുക ആയാസകരമാണ്. മനുഷ്യരാശിയിലെ ബഹുഭൂരിപക്ഷത്തെക്കൊണ്ട് മതത്തെപ്പറ്റി ഏക മാര്‍ഗത്തിലൂടെ ചിന്തിപ്പിക്കാന്‍ എന്നെങ്കിലും കഴിഞ്ഞെന്നുവന്നാല്ത്തന്നെ അതെപ്പോഴും തത്വങ്ങളിലൂടെയാവും, അല്ലാതെ വ്യക്തികളിലൂടെ യാവില്ല എന്ന് ധരിച്ചുകൊള്ളുക.
- സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: