കൊച്ചി: ഇന്ദിര ആവാസ് യോജന (ഐഎവൈ) സൗജന്യ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ 500 സൗജന്യ ഭവനങ്ങളാണ് ബ്ലോക്കില്‍ പൂര്‍ത്തിയാക്കിയത്. അങ്കമാലി ബ്ലോക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലാണ് നിര്‍ദ്ധനരായ ഭവനരഹിതര്‍ക്ക് 500 വീടുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്.
ഈ സാമ്പത്തിക വര്‍ഷം 225 പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ പൊതുവിഭാഗത്തിനായി 90 വീടുകളും പട്ടികജാതി/വര്‍ക്ഷ വിഭാഗങ്ങള്‍ക്കായി 135 വീടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവില്‍ പട്ടികജാതി വിഭാഗത്തിനായി 30 വീടുകളും പട്ടികവര്‍ക്ഷ വിഭാഗത്തിനായി ഒരു വീടും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 38 വീടുകളും ജനറല്‍ വിഭാഗത്തില്‍ 16 വീടുകളും ഉള്‍പ്പടെ 85 ഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞതായി ഇന്ദിര ആവാസ് യോജനയുടെ ചുമതലയുള്ള അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഭവനരഹിതരും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് ഇന്ദിര ആവാസ് യോജന പദ്ധതിയിലൂടെ ഭവന നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സൗജന്യ സാമ്പത്തിക സഹായം നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ നല്കുന്ന പട്ടികയില്‍ നിന്ന് സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് മാത്രമേ പദ്ധതിയിലൂടെ സഹായം ലഭിക്കുകയുള്ളൂ.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് അനുസരിച്ച് നാല് ഘട്ടമായാണ് ഭവന നിര്‍മ്മാണ പദ്ധതിയുടെ സാമ്പത്തിക സഹായം ഉപയോക്താവിനു കൈമാറുന്നത്. നിര്‍മ്മാണം ആരംഭിക്കുന്നതു മുതല്‍ ബ്ലോക്ക് തലത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വീടിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിംഗ്, മുന്നിലും പിന്നിലും വാതിലുകള്‍, വയറിംഗ് എന്നീ ജോലികള്‍ പൂര്‍ത്തികരിച്ച ശേഷമേ അവസാനഘട്ട ഫണ്ട് വിതരണം ചെയ്യുകയുള്ളൂ.
648 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് പണിയുന്നതിനാണ് നിലവില്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുന്നത്. ഇതിനായി രണ്ട് ലക്ഷം രൂപ തികച്ചും സൗജന്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നല്‍കും. നാല് സര്‍ക്കാര്‍ ഏജന്‍സികള്‍ ചേര്‍ന്നാണ് സൗജന്യ ഭവന നിര്‍മ്മാണ പദ്ധതിക്കായുള്ള ഫണ്ട് നല്‍കുന്നത്. ഐ.എ.വൈ. പദ്ധതിയിലൂടെ ഓരോ ഭവനത്തിന്റെ നിര്‍മ്മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ നിശ്ചിത തുക നല്‍കും. ശേഷിക്കുന്ന തുകയുടെ 25 ശതമാനം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും 50 ശതമാനം ബ്ലോക്ക് പഞ്ചായത്തും 25 ശതമാനം ജില്ലാ പഞ്ചായത്തുമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: