കൊച്ചി: സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പൂര്‍ണമായ സംവരണം നടപ്പിലാക്കുവാന്‍ സര്‍ക്കാരും സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് അധികാരികളും തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് എസ്സി/എസ്ടി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് ഭരണകാലത്ത് പട്ടികജാതി/വര്‍ഗ്ഗ സഹകരണങ്ങള്ക്കുണ്ടായിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുകയും ജില്ലാ സഹകരണ ബാങ്കുകളിലുണ്ടായിരുന്ന അഫിലിയേഷന് പോലും റദ്ദു ചെയ്യുകയും ചെയ്തുകൊണ്ട് ജില്ലാ സഹകരണ ബാങ്കു തെരഞ്ഞെടുപ്പില്‍ പട്ടികജാതി/വര്‍ഗ്ഗ സഹകരണ സംഘങ്ങളെ ഒഴിവാക്കുകയും ചെയ്തു. ഏതായാലും യുഡിഎഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ മുമ്പ് അഫിലിയേഷന് ഉണ്ടായിരുന്ന പട്ടികജാതി/വര്‍ഗ്ഗ സംഘങ്ങളുടെ അഫിലിയേഷന് പുനഃസ്ഥാപിച്ച് അംഗത്വം അംഗീകരിച്ച് വോട്ടവകാശം സ്ഥാപിച്ചു. എന്നാല്‍ ജില്ല സഹകരണ ബാങ്കുകളിലെ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങള്‍ 15-ല്‍നിന്നും 21-ആയി വര്‍ധിപ്പിച്ചപ്പോള്‍ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണ പ്രകാരം രണ്ട് സീറ്റുകള്‍ നല്കേണ്ടിയിരിക്കുന്നു. എന്നാല്‍ അത് ഒറ്റ സീറ്റ് കൊണ്ട് നിലനിര്‍ത്തി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനവും ജില്ല ബാങ്ക് നടപടികളും ഭരണഘടനവ്യവസ്ഥയ്ക്ക് വിപരീതവും ലംഘനവുമാണ്. കേരളത്തില്‍ എല്ലാ മേഖലകളിലും പത്ത് ശതമാനം സംവരണം നിലവിലുള്ളപ്പോള്‍ സഹകരണ മേഖലയിലെ ഭരണ പങ്കാളിത്തം അഞ്ച് ശതമാനം ആക്കി കുറച്ചിരിക്കുന്നത് വളരെ ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റു മുതല്‍ പഞ്ചായത്തുകള്‍ വരെ മത്സരിക്കുന്ന പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുകയില്‍ ഇളവനുവദിക്കുമ്പോള്‍ സഹകരണ ബാങ്കുകളുടെ തെരഞ്ഞെടുപ്പുകളില്‍ ജനറല്‍ കാറ്റഗറിയിലുള്ളവരെപ്പോലെ തന്നെ എസ്സി/എസ്ടി വിഭാഗങ്ങള്‍ ഡെപ്പോസിറ്റ് തുക കെട്ടിവച്ച് മത്സരിക്കണമെന്ന് നിഷ്ക്കര്ഷിച്ചിരിക്കുന്നതും തെറ്റായ നടപടിയാണ്. ഇത്തരത്തിലുള്ള സഹകരണ വകുപ്പിലെ നിയമങ്ങള്‍ മാറ്റുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സി.കെ.ഗോവിന്ദന് ഇടുക്കി, ജന:സെക്രട്ടറി ഐത്തിയൂര്‍ സുരേന്ദ്രന്, വി.പി.സുകുമാരന്‍, കമലന് മാസ്റ്റര്‍, പി.ടി.സുരേഷ് ബാബു, കെ.കെ.തങ്കപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: