കൊച്ചി: കൊച്ചി തുറമുഖ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സുഗമമായ മത്സ്യബന്ധനം സാധ്യമാക്കുന്നതിനും മുന്‍തൂക്കം നല്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ഫിഷറീസ്, എക്സൈസ്, തുറമുഖ മന്ത്രി കെ. ബാബു വ്യക്തമാക്കി. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജിസിഡിഎ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വല്ലാര്‍പാടം, കൊച്ചി റിഫൈനറി, എല്‍.എന്‍.ജി ടെര്‍മിനല്‍ പദ്ധതി എന്നീ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ ഊന്നിവലകളും ചീനവലകളും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബയോമെട്രിക് കാര്‍ഡു വിതരണം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
പദ്ധതി പ്രദേശത്തും, പരിസരങ്ങളിലും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിലെ സുരക്ഷാക്രമീകരണങ്ങള്‍ തടസമുണ്ടാക്കരുത്. എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്ത് നിരോധിത മേഖല വ്യക്തമായി തിരിച്ചറിയുന്നതിന് ബോയകള്‍ സ്ഥാപിക്കും. പദ്ധതി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
വള്ളങ്ങള്‍ക്കുള്ള ഫിഷറീസ് വകുപ്പിന്റെ രജിസ്ട്രേഷന് നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും. ഇതിനു ശേഷം രജിസ്ട്രേഷനില്ലാത്ത വള്ളങ്ങളെ പദ്ധതി പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ല. എല്ലാ മത്സ്യബന്ധനയാനങ്ങള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാണ്. പദ്ധതി മേഖലയുടെ സുരക്ഷാപ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. സിഐഎസ്എഫ്, നേവി, കോസ്റ്റല്‍ പോലീസ്, ജനപ്രതിനിധികള്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്ന് മന്ത്രി പറഞ്ഞു. ആദ്യത്തെ ബോധവല്‍ക്കരണ ക്യാമ്പ് ഫെബ്രുവരി 17ന് ഞാറക്കലില്‍ നടക്കും.
എല്‍എന്‍ജി, ബിപിസിഎല്‍ തുടങ്ങിയ പദ്ധതികളെ തുടര്‍ന്ന് പുതുവൈപ്പ് പ്രദേശത്ത് തൊഴില്‍ നഷ്ടമായ കക്ക വാരല്‍ തൊഴിലാളികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പെട്രോനെറ്റ് എല്‍എന്‍ജി, കൊച്ചി തുറമുഖ ട്രസ്റ്റ്, ഭാരത് പെട്രോളിയം എന്നിവരുടെ പങ്കാളിത്തത്തിലാണ് പദ്ധതി രൂപീകരിക്കുക. ഒരു മാസത്തിനുള്ള പദ്ധതി തയാറാകുമെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ എസ്. ശര്‍മ, ഡൊമിനിക് പ്രസന്റേഷന്, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കമാന്‍ഡര്‍ അജയകുമാര്‍, കമാന്‍ഡന്റ് രാമന്‍കുമാര്‍, പോര്‍ട്ട് ട്രസ്റ്റ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സൂസമ്മ സേവ്യര്‍, പെട്രോനെറ്റ് എല്‍എന്‍ജി ജനറല്‍ മാനേജര്‍ ടി.എന്‍.നീലകണ്ഠന്, മത്സ്യ ബോര്‍ഡ് കമ്മീഷണര്‍ കെ.ബി. ഷാജി, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സൈറ ബാനു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ലിസ്സി മാത്യു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എംഎസ്. സാജു, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി പരമേശ്വരന്, കെ.എം.സജീവ്, ജനപ്രതിനിധികള്‍, തൊഴിലാളി യൂണിയന് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: